SEASONS OF PIRAVI  (Piravikalamkalam)

1st Monday
യോഹ 8:12-19
നിത്യപ്രകാശമായ ക്രിസ്തുവിനെ തിരിച്ചറിയാന്‍ പാപാവസ്ഥകളുടെ അന്ധകാരത്തില്‍ നിന്ന് വിമുക്തരായി ക്രിസ്തുവിന് സാക്ഷികളാകുവാന്‍ നമുക്ക് പരിശ്രമിക്കാം. ജീവിതത്തിന്റെ ബലഹീനതകളെ, തഴക്കങ്ങളെ ഒരിക്കല്‍കൂടി ക്രിസ്തുവില്‍ കഴുകി വിശുദ്ധീകരിക്കാന്‍, ക്രിസ്തുവില്‍ നവസൃഷ്ടിയായി മാറുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.
1st Tuesday
യോഹ 13:31-35
ക്രിസ്തുവിന്റെ ജീവിതവും ക്രിസ്ത്യാനിയുടെ മുഖമുദ്രയുമാണ് പരസ്‌നേഹം. വെറുപ്പും, വിദ്വേഷവും വെടിഞ്ഞ് മറ്റുള്ളവരെ ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ നമുക്ക് കഴിയട്ടെ. പരസ്‌നേഹത്തിലൂടെ, സഹോദരസ്‌നേഹത്തിലൂടെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേയ്ക്ക് ആഴപ്പെടുവാന്‍ നമുക്കു പരിശ്രമിക്കാം.
1st Wednesday
മത്താ 2:1-12
ദൈവത്തെ കണ്ടുമുട്ടുന്ന അനുഭവം അത് കാലിത്തൊഴുത്തിന്റെ അനുഭവമാണ്. ദൈവത്തിന് വേണ്ടി സമര്‍പ്പിക്കാന്‍ എന്റേതായി എനിക്കെന്തുണ്ട്? ശൂന്യമായ കരങ്ങളും പാപപങ്കിലമായ ഹൃദയവുമല്ലാതെ എനിക്കൊന്നുമില്ല. എല്ലാം ദൈവീകദാനമാണെന്ന ബോധ്യത്തില്‍ നമുക്ക് ആഴപ്പെടാം.
1st Thursday
മത്താ 12:43-45
അലസതയില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും വിമുക്തരായി ആത്മീയതയില്‍ അടിസ്ഥാനമിട്ട് ജീവിതത്തെ ബലപ്പെടുത്തുവാന്‍ നമുക്ക് ഉണര്‍വോടെ ആയിരിക്കാം. ഏതെല്ലാം അവസ്ഥകളും, സാഹചര്യങ്ങളുമാണോ തെറ്റിലേയ്ക്ക് എന്നെ വഴിനടത്തുന്നത് ആ മേഖലകളില്‍ നിന്ന് പൂര്‍ണ്ണമായി വിടുതല്‍ പ്രാപിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.
1st Friday
മത്താ 9:27-31
വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന ദൈവതിരുമുമ്പില്‍ സ്വീകരിക്കപ്പെടും. ഹൃദയം തുറന്ന് പ്രാര്‍ത്ഥിക്കുവാനും, അധരം തുറന്ന് ദൈവത്തെ വിളിക്കാനും നമുക്ക് കഴിയട്ടെ. വിശ്വാസത്തില്‍ ആഴപ്പെടുവാനും പ്രാര്‍ത്ഥനയില്‍ ശരണപ്പെടുവാനും ഉള്ള കൃപയ്ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം.
1st Saturday
യോഹ 1:19-29
ആയിരിക്കുന്ന ഇടങ്ങളില്‍ ദൈവത്തിന് വഴിയൊരുക്കുവാനും പ്രവാചകസാന്നിദ്ധ്യമായി, അനേകരെ ക്രിസ്തുവിലേയ്ക്ക് വഴി നടത്താനും തീക്ഷ്ണതയോടെ മുന്നേറാം. ദൗത്യത്തെ വിസ്മരിക്കാതെ കൂടുതല്‍ തീക്ഷണതയോടെ ജീവിതംകൊണ്ടു സാക്ഷ്യം നല്‍കുവാന്‍ നമുക്കു പരിശ്രമിക്കാം.
2nd Monday
മത്താ 6:16-21
ലോകത്തിന്റെ മോഹവലയങ്ങളില്‍ ഉള്‍പ്പെടാതെ ക്രിസ്തുവിന് പ്രതിഷ്ഠിക്കപ്പെട്ട ജീവിതമാകുവാന്‍, ശക്തനായ കര്‍ത്താവിന്റെ കരത്തിന്‍ കീഴില്‍ താഴ്മയോടെ നിലനില്‍ക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. പഞ്ചേന്ദ്രിയങ്ങളുടെ നൈമിഷികമായ സന്തോഷത്തേക്കാള്‍ പ്രപഞ്ചസൃഷ്ടാവിന്റെ സംരക്ഷണത്തിന്റെ ആനന്ദത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.
2nd Tuesday
ലൂക്ക 2:41-52
തിരക്കുകള്‍ നടിക്കുമ്പോഴും തിരക്കുകള്‍ക്കിടയിലും എന്നെക്കുറിച്ചുള്ള ദൈവഹിതം പൂര്‍ണ്ണമായി നിര്‍വ്വഹിക്കാന്‍ തിരുഹൃദയത്തിന് തികച്ചും അനുയോജ്യരായി നമുക്ക് മുന്നേറാം. 'ദൈവമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല, ദൈവം തന്നതല്ലാതെ എനിക്കു മറ്റൊന്നുമില്ല' - ഈ യാഥാര്‍ത്ഥ്യങ്ങളില്‍ നമുക്കു ജീവിക്കാം.
2nd Wednesday
യോഹ 6:16-24
ദൈവസാന്നിദ്ധ്യം ശാന്തിദായകമാണ്, ദൈവത്തോടുകൂടിയാണ് ഞാനെങ്കില്‍ പ്രതിസന്ധികളുടെ നടുവില്‍ പോലും ഞാന്‍ സുരക്ഷിതനാണ്. ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവര്‍ പ്രതിസന്ധികളുടെ നടുവില്‍പോലും ഏകനല്ല എന്ന് വചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
2nd Thursday
മത്താ 4,12-17
നിത്യപ്രകാശമായ ഈശോയുടെ വചനങ്ങള്‍ക്ക് കാതോര്‍ത്ത് യഥാര്‍ത്ഥമായ അനുതാപത്തിനും അനുരഞ്ജനത്തിനുമായി നമ്മെത്തന്നെ ഒരുക്കാം. ക്ഷമിക്കാനും പൊറുക്കാനുമുള്ള വ്യക്തികളും അനുഭവങ്ങളുമാകട്ടെ ഈ ബലിയിലെ എന്റെ കാഴ്ചദ്രവ്യങ്ങള്‍.
2nd Friday
ലൂക്ക 1:9-45
ദൈവസാന്നിദ്ധ്യം പേറുന്ന സാക്ഷ്യകൂടാരമാകുവാന്‍ എന്റെ സാന്നിദ്ധ്യം, എന്റെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് അനുഗ്രഹദായകമാകാന്‍ പരിശ്രമിക്കാം. ചലിക്കുന്ന സാക്ഷ്യകൂടാരമാകുവാന്‍, സഞ്ചരിക്കുന്ന ദിവ്യകാരുണ്യത്തിന്റെ അനുഭവം പകരുവാന്‍ എന്നെ ഒരുക്കണമേയെന്നു പ്രാര്‍ത്ഥിക്കാം.
2nd Saturday
ലൂക്ക 12:35-40
ഒരുക്കമുള്ളവരായി നമുക്ക് വ്യാപരിക്കാം-ക്രിസ്തുവിന്റെ ആഗമനത്തിനും, നിത്യവിരുന്നിലേയ്ക്ക് വഴിയൊരുക്കുന്ന നല്ല മരണത്തിനും. നന്മകള്‍ കൊണ്ടും സുകൃതങ്ങള്‍ കൊണ്ടും ഈ ദിവസം സുന്ദരമാക്കാം. ക്രിസ്തുവിന്റെ വരവിനായി ഉണര്‍വോടെ പ്രാര്‍ത്ഥനയോടെ നമുക്ക് ഒരുക്കമുള്ളവരായി കാത്തിരിക്കാം.