അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 3
വി. ഗ്രിഗറി ഒന്നാമന്‍ (540-604)

എ.ഡി. 590 മുതല്‍ 14 വര്‍ഷം തിരുസഭയെ നയിച്ച മാര്‍പാപ്പയാണ് വി. ഗ്രിഗറി ഒന്നാമന്‍. റോമിലെ സമ്പന്നകുടുംബത്തില്‍ ഒരു റോമന്‍ സെനറ്ററുടെ മകനായി ജനിച്ച ഗ്രിഗറി 'മഹാനായ ഗ്രിഗറി' എന്നാണ് അറിയപ്പെടുന്നത്. സഹജീവികളോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ഗ്രിഗറിയുടെ അമ്മ സില്‍വിയയും വിശുദ്ധ പദവി നേടിയ സ്ത്രീയായിരുന്നു. ഗ്രിഗറിയുടെ കുടുംബത്തില്‍ ഇങ്ങനെ വിശുദ്ധപദവി ലഭിച്ചവര്‍ ഏറെ പേരുണ്ട്. വി. എമിലിയാനയുടെയും വിശുദ്ധ തര്‍സില്ലയുടെയും അനന്തിരവനായിരുന്നു ഗ്രിഗറി. വിശുദ്ധ ഫെലിക്‌സ് മൂന്നാമന്റെ കൊച്ചുമകന്‍. ഇങ്ങനെ ദൈവികമായ സാഹചര്യങ്ങളില്‍ വളര്‍ന്ന ഗ്രിഗറിക്ക് മാര്‍ഗദീപമായത് അദ്ദേഹത്തിന്റെ അമ്മ തന്നെയായിരുന്നു. പിതാവിന്റെ മരണശേഷം തനിക്കു ലഭിച്ച സ്വത്തു മുഴുവന്‍ അദ്ദേഹം സഭയുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണ് ചെലവഴിച്ചത്. സ്വത്തു വിറ്റുകിട്ടിയ പണം കൊണ്ട് അദ്ദേഹം ആറു ആശ്രമങ്ങള്‍ സ്ഥാപിച്ചു. തന്റെ വീടും അദ്ദേഹം ഒരു ആശ്രമമാക്കി. അങ്ങനെ ഏഴു ആശ്രമങ്ങള്‍. ബെനഡിക്ടന്‍ സഭയില്‍ ചേര്‍ന്നാണ് അദ്ദേഹം പുരോഹിതനായത്. ഒരിക്കല്‍ അദ്ദേഹം റോമിലെ ചന്തയില്‍ അടിമകളായി വില്‍ക്കുവാന്‍ കൊണ്ട് നിര്‍ത്തിയിരിക്കുന്ന കുറെ കുട്ടികളെ കണ്ടു. അവരെല്ലാം ഇംഗ്ലണ്ടില്‍ നിന്നുള്ളവരായിരുന്നു. ആങ്കിള്‍സ് വര്‍ഗത്തില്‍പ്പെട്ട ആ ഇംഗ്ലീഷ് ബാലന്‍മാരെ നോക്കി അദ്ദേഹം പറഞ്ഞു. 'ഏയിഞ്ചല്‍സ്'. ഈ സംഭവത്തോടെ പ്രേഷിതപ്രവര്‍ത്തനത്തിനായി ഇംഗ്ലണ്ടിലേക്കു പോകുവാന്‍ അദ്ദേഹം തീരുമാനിച്ചു. മാര്‍പാപ്പയുടെ അനുവാദം വാങ്ങി ഗ്രിഗറി ഇംഗ്ലണ്ടിലേക്കു പോയെങ്കിലും അദ്ദേഹത്തിന്റെ അഭാവം റോമിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന് കണ്ട് മാര്‍പാപ്പ തന്നെ ഗ്രിഗറിയെ തിരികെവിളിച്ചു. പെലാജിയൂസ് ദ്വിതീയന്‍ മാര്‍പാപ്പയുടെ മരണശേഷമാണ് ഗ്രിഗറി മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പതിനാലു വര്‍ഷം അദ്ദേഹ സഭയെ നയിച്ചു. 'ദൈവദാസന്‍മാരുടെ ദാസനാണ് താന്‍' എന്നാണ് ഗ്രിഗറി പറഞ്ഞിരുന്നത്. പാവങ്ങളോടും രോഗികളോടും അനാഥരോടും അദ്ദേഹം പ്രത്യേക സ്‌നേഹം പ്രകടിപ്പിച്ചു. ഗ്രിഗറി മാര്‍പാപ്പയായിരിക്കുമ്പോള്‍ ഒരു ദിവസം റോമാ നഗരത്തില്‍ അജ്ഞാതനായ ഒരു മനുഷ്യന്‍ പട്ടിണി കിടന്നു മരിച്ചു. ഈ വാര്‍ത്ത അദ്ദേഹത്തെ വേദനിപ്പിച്ചു. തന്റെ തൊട്ടടുത്ത് പട്ടിണിയില്‍ കഴിഞ്ഞ ഒരു മനുഷ്യനുണ്ടായിരുന്നിട്ടും അയാളെ സഹായിക്കാന്‍ പറ്റാതെ പോയതില്‍ മനംനൊന്ത് അദ്ദേഹം കുറെ ദിവസം ദിവ്യബലി അര്‍പ്പിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുക പോലും ചെയ്തു. അയല്‍ക്കാരന്റെ സംരക്ഷണംകൂടി തന്റെ ചുമതലയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എ.ഡി. 604 മാര്‍ച്ച് 12 ന് റോമില്‍വച്ചാണ് അദ്ദേഹം മരിക്കുന്നത്. പോപ്പ് പദവി ഏറ്റെടുത്ത ദിവസം എന്ന നിലയ്ക്കാണു സെപ്റ്റംബര്‍ മൂന്ന് അദ്ദേഹത്തിന്റെ ഓര്‍മദിവസമായി തിരഞ്ഞെടുത്തത്.
Curtsy : Manuel George @ Malayala Manorama