അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 21
വി. മത്തായി ശ്ലീഹാ (ഒന്നാം നൂറ്റാണ്ട്)

യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരില്‍ ഒരുവനും സുവിശേഷകനുമായ മത്തായി ശ്ലീഹാ, ഹല്‍പ്പേയസ് എന്നൊരാളിന്റെ പുത്രനായിരുന്നു. 'ഹല്‍പ്പെയുടെ പുത്രനായ മത്തായി', 'ഹല്‍പ്പയുടെ പുത്രനായ ലേവി' എന്നിങ്ങനെ രണ്ടു തരത്തില്‍ മത്തായി ശ്ലീഹായെ സുവിശേഷകന്‍മാര്‍ വിളിക്കുന്നുണ്ട്. ലേവി എന്ന പേര് യേശു പിന്നീട് മത്തായി എന്നാക്കി മാറ്റുകയായിരുന്നുവെന്നും അതല്ല തിരിച്ചാണെന്നും ഇന്ന് വാദങ്ങളുണ്ട്. ചുങ്കക്കാരനായിരുന്നു ലേവി എന്ന മത്തായി. ഗലീലിക്കടുത്തുള്ള കഫര്‍ണാമിലായിരുന്നു അവന്റെ വീട്. യേശു തന്റെ ശിഷ്യന്‍മാരെ തിരഞ്ഞെടുത്തപ്പോള്‍ മത്തായിയെ വിളിച്ച സംഭവം മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ സുവിശേഷങ്ങളില്‍ വിവരിക്കുന്നുണ്ട്. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യേശു കഫര്‍ണാമില്‍ തളര്‍വാത രോഗിയെ സുഖപ്പെടുത്തുന്ന സംഭവം വിവരിച്ച ശേഷമാണ് ലേവിയെ വിളിക്കുന്ന സംഭവം അവതരിപ്പിക്കുന്നത്. ജെനാസറത്ത് കടത്തീരത്ത് ചുങ്കം പിരിക്കുകയായിരുന്നു മത്തായി അപ്പോള്‍. ''യേശു അവിടെ നിന്നു കടന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരാള്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. അവിടുന്ന് അയാളോട് പറഞ്ഞു: 'എന്നെ അനുഗമിക്കുക.' അയാള്‍ എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു. '' (മത്തായി 9:9) സമ്പന്നനായിരുന്നു മത്തായി. പക്ഷേ, യേശുവിന്റെ വാക്കു കേട്ട് സര്‍വവും ഉപേക്ഷിച്ചു. മാത്രിമല്ല തനിക്കൊപ്പമുള്ള ചുങ്കക്കാരെയെല്ലാം യേശുവിന്റെ വഴിയിലേക്ക് കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. അതിനുവേണ്ടി തന്റെ വീട്ടില്‍ അദ്ദേഹം ഒരു വിരുന്നു തന്നെ നടത്തി. യേശുവിന്റെ പിന്‍ഗാമിയായശേഷം അദ്ദേഹം ചുങ്കം പിരിക്കുന്ന തൊഴിലു തന്നെ ഉപേക്ഷിച്ചു. മല്‍സ്യത്തൊഴിലാളികളായിരുന്ന മറ്റുശിഷ്യന്‍മാരൊക്കെ പിന്നീടും മല്‍സ്യബന്ധനത്തിനു പോയിരുന്നുവെങ്കില്‍ മത്തായി പിന്നീട് ചുങ്കം പിരിക്കാന്‍ പോയിട്ടില്ല. യേശുവിന്റെ നാമത്തില്‍ 15 വര്‍ഷത്തോളം മത്തായി യഹൂദരോട് സുവിശേഷം പ്രസംഗിച്ചുവെന്ന് കരുതപ്പെടുന്നു. പിന്നീട് അദ്ദേഹം എത്യോപ്യയിലും പേര്‍ഷ്യയിലുമൊക്കെ സുവിശേഷപ്രവര്‍ത്തനം നടത്തി. മത്തായിയുടെ സുവിശേഷം എഴുതിയത് മത്തായി ശ്ലീഹായാണെന്നു വിശ്വസിക്കപ്പെടുന്നുവെങ്കിലും ഇതുസംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. മത്തായിയുടെ മരണം സംബന്ധിച്ചും പല വിശ്വാസങ്ങളുണ്ട്. ചിലര്‍ അദ്ദേഹം മരിച്ചത് എത്യോപ്യയിലാണെന്നും മറ്റുചിലര്‍ ഇറാനിലാണെന്നും വേറെ ചിലര്‍ റോമാ സാമ്രാജ്യത്തിലാണെന്നും വാദിക്കുന്നു. 'മത്തായിയുടെ രക്തസാക്ഷിത്വം' എന്ന പേരില്‍ ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രന്ഥത്തില്‍ അദ്ദേഹം നരഭോജികളാല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പറയുന്നു. സ്വപ്നത്തില്‍ യേശുവിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് മത്തായി ശ്ലീഹാ നരഭോജികള്‍ക്കിടയില്‍ അവരെ മാനസാന്തരപ്പെടുത്താനായി പോയി. നഗരവാതിലില്‍ വച്ച് അദ്ദേഹം പിശാചുബാധിതരായ ഒരു സ്ത്രീയെയും അവരുടെ രണ്ടു മക്കളെയും കണ്ടു. അദ്ദേഹം അവരെ അപ്പോള്‍ത്തന്നെ സുഖപ്പെടുത്തുകയും അവരോട് സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. അവരെല്ലാം യേശുവില്‍ വിശ്വസിച്ചു. എന്നാല്‍, നരഭോജികളുടെ രാജാവായ ഫുള്‍ബനൂസിന് ഇത് ഇഷ്ടമായില്ല. മത്തായി ശ്ലീഹായെ അയാള്‍ തടവിലാക്കി കുരിശില്‍ തറച്ചു. അദ്ദേഹത്തിന്റെ ശരീരത്തിനു തീ കൊളുത്തി. എന്നാല്‍, തീജ്വാല ഒരു പാമ്പിന്റെ ആകൃതിയില്‍ ഫുള്‍ബനൂസിനെ ചുറ്റിവളഞ്ഞു. പരിഭ്രാന്തനായ രാജാവ് മത്തായിയോടു തന്നെ സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹം തീജ്വാലയോട് പിന്‍വാങ്ങാന്‍ ആവശ്യപ്പെടുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു. മത്തായിയുടെ ശരീരത്തിന് തീയില്‍ നിന്നു പൊള്ളലേറ്റില്ല. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ പോലും കത്തിനശിച്ചില്ല. പക്ഷേ, കുരിശില്‍കിടന്ന് അദ്ദേഹം മരിച്ചു. ഈ വിവരണത്തിനു സമാനമായ ഐതിഹ്യങ്ങളടങ്ങിയ 'അന്ത്രയോസിന്റെയും മത്തായിയുടെയും നടപടി' എന്നൊരു പുസ്തകം കൂടിയുണ്ട്. ഇതല്ലാതെ മത്തായിയുടെ രക്തസാക്ഷിത്വത്തെപ്പറ്റി ഐക്യരൂപ്യമുള്ള പാരമ്പര്യങ്ങള്‍ നിലവിലില്ല.
Curtsy : Manuel George @ Malayala Manorama