അനുദിനവിശുദ്ധര്‍ : സെപ്റ്റംബര്‍ 16
വി. കൊര്‍ണേലിയൂസ് (മൂന്നാം നൂറ്റാണ്ട്)

ഇരുപത്തിയൊന്നാം മാര്‍പാപ്പയായിരുന്നു വി. കൊര്‍ണേലിയൂസ്. 250 ജനുവരി 20 ന് പോപ് ഫേബിയാന്‍ രക്തസാക്ഷിത്വം വരിച്ചതിനെ തുടര്‍ന്നാണ് കൊര്‍ണേലിയൂസ് പോപ് പദവിയിലെത്തുന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന സേഡിയൂസിന്റെ മതപീഡനകാലമായിരുന്നു അത്. അതുകൊണ്ടു മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്താല്‍ മരണം ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെ സഭയ്ക്ക് 16 മാസ ത്തോളം മാര്‍പാപ്പയുണ്ടായിരുന്നില്ല. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കൊര്‍ണേലിയൂസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. എങ്കിലും അക്കാലത്ത് നൊര്‍വേഷ്യന്‍ എന്ന ബിഷപ് കൊര്‍ണേലിയൂസിന്റെ ചില തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങളുമായി രംഗത്തുവന്നതോടെ ഒരു അനിശ്ചിതത്വം ഉടലെടുത്തു. റോമന്‍ ചക്രവര്‍ത്തിമാരുടെ പീഡനം സഹിക്ക വയ്യാതെ യേശുവിനെ തള്ളിപ്പറയേണ്ടിവന്ന ക്രൈസ്തവരെ തിരിച്ചുസഭയിലേക്ക് കൊണ്ടുവരാന്‍ കൊര്‍ണേലിയൂസ് ശ്രമിച്ചു. ക്രൈസ്ത വരെയെല്ലാം തടവിലാക്കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു അന്നത്തെ രീതി. യേശുവിനെ തള്ളിപ്പറയാന്‍ തയാറായി റോമന്‍ ദൈവങ്ങളെ ആരാധിച്ചാല്‍ മാത്രമേ ജീവന്‍ തിരികെ കിട്ടുമായിരുന്നുള്ളു. ഇതിനു തയാറാവാതെ നിരവധി പേര്‍ യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിച്ചു. എന്നാല്‍, മറ്റനേകം പേര്‍ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി യേശുവിനെ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ളവര്‍ പിന്നീട് അവര്‍ ചെയ്ത തെറ്റ് മനസിലാക്കി പശ്ചാത്തപിച്ച് ക്രൈസ്തവരാകാന്‍ തയാറായി വന്നു. ഇവരെ സഭയില്‍ സ്വീകരിക്കരുതെന്നായിരുന്ന നൊര്‍വേ ഷ്യന്റെ നിലപാട്. അവരുടെ തെറ്റ് പൊറുത്ത് സഭയിലേക്ക് തിരിച്ചുവിളിക്കണമെന്ന് കൊര്‍ണേ ലിയൂസും വാദിച്ചു. പ്രശ്‌നപരിഹാരത്തിനായി കൊര്‍ണേലിയൂസ് ഒരു സുനഹദോസ് വിളിച്ചു. 60 മെത്രാന്‍മാര്‍ അതില്‍പങ്കെടുത്തു. നൊര്‍വേഷ്യന്റെ നിലപാട് സുനഹദോസ് തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ കുറെപ്പേരുടെ പിന്തുണയുമായി ബദല്‍പാപ്പയായി നൊര്‍വേഷ്യന്‍ സ്വയം പ്രഖ്യാപിച്ചു. നൊര്‍വേഷ്യനിസം തള്ളിക്കളയാനും ആദിമസഭയെ നേര്‍വഴിക്കു നയിക്കാനും കൊര്‍ണേലിയൂസ് നിര്‍ണായക പങ്കുവഹിച്ചു. സേഡിയൂസിനു ശേഷം അദ്ദേഹത്തിന്റെ സൈന്യാധിപനായ ഗാലൂസ് റോമന്‍ചക്രവര്‍ത്തിയായി. അക്കാലത്ത് ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചു. റോമന്‍ ദൈവങ്ങളെ പ്രസാദിപ്പിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധി ഇല്ലാതാകുകയുള്ളുവെന്നും അതിനു ക്രിസ്ത്യാനികളെ ബലി കഴിക്കണമെന്നും പുരോഹിതര്‍ ഗാലൂസിനെ ഉപദേശിച്ചു. ആദ്യമായി ബലികഴിക്കാന്‍ ഗാലൂസ് മാര്‍പാപ്പയായ കൊര്‍ണേലിയൂസിനെയാണ് പിടികൂടിയത്. എ.ഡി. 253 ല്‍ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
Curtsy : Manuel George @ Malayala Manorama