അനുദിനവിശുദ്ധര്‍ : ഒക്ടോബര്‍ 9
ആദിപിതാവായ അബ്രാഹം (ബി.സി. പത്തൊന്‍പതാം നൂറ്റാണ്ട്)

ജനതകളുടെ പിതാവായ അബ്രാഹം പുതിയ നിയമകാലത്തെ വിശുദ്ധരുടെ ഗണത്തില്‍പ്പെടുത്താവുന്ന ആളല്ല. അതുകൊണ്ടു തന്നെ, ക്രൈസ്തവരുടെയും യഹൂദരുടെയും മുസ്‌ലിം വിശ്വാസികളുടെയും പിതാവായ അബ്രാഹത്തിന്റെ ഓര്‍മദിനം മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാണ്. എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പിതാവാണ് അബ്രാഹം. സത്യമായ ദൈവത്തില്‍ വിശ്വസിക്കുന്ന സകല ജനതകളുടെയും പിതാവാണ് അദ്ദേഹം. ബൈബിളിലെ ആദ്യ പുസ്തകമായ ഉത്പത്തിയില്‍ 12-ാം അദ്ധ്യായം മുതല്‍ 25-ാം അദ്ധ്യായം വരെ അബ്രാഹത്തിന്റെ കഥ പറയുന്നു. ബി.സി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചെന്നു കരുതുന്ന അബ്രാഹമിലൂടെയാണ് മനുഷ്യ വംശത്തിന്റെ രക്ഷയുടെ ചരിത്രം ആരംഭിക്കുന്നത്. അതുവരെയും നിരവധി ദേവതകളെയും ബിംബങ്ങളെയും പാറകളെയും മൃഗങ്ങളെയുമൊക്കെ ആരാധിച്ചിരുന്ന പ്രാകൃത ഗോത്രവര്‍ഗക്കാര്‍ മാത്രമാണുണ്ടായിരുന്നത്. യഥാര്‍ഥ ദൈവം അബ്രാഹമിലൂടെ തന്നെ ജനതയിലേക്ക് എത്തി. പിതാവായ അബ്രാഹം, വിശ്വാസികളുടെ പിതാവ് എന്നൊക്കെ വിളിക്കപ്പെടുന്ന അബ്രാഹത്തിന്റെ ആദ്യ പേര് അബ്രാം എന്നായിരുന്നു. ദൈവം മഹത്വീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് അബ്രാഹം എന്ന ഹീബ്രു വാക്കിന്റെ അര്‍ഥം. ഈ പേര് അബ്രാമിനു നല്‍കുന്നതും ദൈവം തന്നെ. ''നിന്നിലൂടെ ഭൂമിയിലെ മനുഷ്യരെല്ലാം അനുഗ്രഹീതരാകും'' (ഉത്പത്തി 12:3) എന്നാണ് ദൈവം അദ്ദേഹത്തോട് വാഗ്ദാനം ചെയ്യുന്നത്. കല്ദായ നഗരമായ ഊരില്‍ താമസിച്ചിരുന്ന തേരഹിന്റെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു അബ്രാഹം. നാഹോര്‍, ഹാരാന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ദൈവകല്‍പന അനുസരിച്ച് കല്ദായയില്‍ നിന്ന് കാനാനിലേക്ക് അബ്രാഹം പോകുന്നു. അബ്രാഹമിന്റെ ഭാര്യയായിരുന്നു സാറ. വാര്‍ധക്യകാലം വരെയും അവര്‍ക്കു മക്കളുണ്ടായി രുന്നില്ല. സമ്പത്തും സന്തുഷ്ടിയും ആവോളമുണ്ടായിരുന്നുവെങ്കിലും മക്കളില്ലാത്തതിന്റെ വേദന അബ്രാഹവും സാറയും അനുഭവിച്ചിരുന്നു. തന്നിലൂടെ അബ്രാഹമിനു മക്കളുണ്ടാവില്ലെന്നു കണ്ട് തന്റെ തോഴിയായ ഹഗാറിനെ അബ്രാഹമിനൊപ്പം അന്തിയുറങ്ങാന്‍ സാറ അനുവദിക്കുകയും അങ്ങനെ ഹഗാറിലൂടെ അബ്രാഹമിന് ആദ്യ പുത്രനുണ്ടാകുകയും ചെയ്തു. ഇസ്മായേല്‍ എന്നായിരുന്നു അവന്റെ പേര്. വേലക്കാരിക്കു മകനുണ്ടായപ്പോള്‍ അവള്‍ സാറായെ നിന്ദിക്കുവാന്‍ തുടങ്ങി. സാറ വേദനിച്ചു. ദൈവം അബ്രാഹത്തോട് പറഞ്ഞു: 'നിന്റെ ഭാര്യയായ സാറായിയുടെ പേര് ഇന്നു മുതല്‍ സാറ എന്നായിരിക്കും. അവളെ ഞാന്‍ അനുഗ്രഹിക്കും.' ദൈവം സാറായെ സമൃദ്ധമായി അനുഗ്രഹിച്ചു. തൊണ്ണൂറാം വയസില്‍ ദൈവത്തിന്റെ അദ്ഭുതശക്തിയാല്‍ അവള്‍ ഇസഹാക്കിനു ജന്മം നല്‍കി. തന്റെ വിശ്വാസം അടിയുറച്ചതാണെന്ന് ദൈവത്തിനു തന്നെ അബ്രാഹം ബോധ്യപ്പെടുത്തി ക്കൊടുത്ത സംഭവവും ഉത്പത്തി പുസ്തകത്തില്‍ വായിക്കാം. ഇസഹാക്കിനെ ബലികഴിക്കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ മടികൂടാതെ അതിനു അബ്രാഹം തയാറായി. എന്നാല്‍, അവന്റെ കഴുത്തില്‍ വാള്‍ പതിയുന്നതിനു മുന്‍പ് ദൈവം ഇടപെടുകയും സംപ്രീതനായ ദൈവം അബ്രാഹത്തെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തു. എല്ലാ അര്‍ഥത്തിലും സ്‌നേഹ സമ്പന്നനായ ഒരു പിതാവായിരുന്നു അബ്രാഹം. അകാലത്തില്‍ മരിച്ച ഇളയ സഹോദരന്‍ ഹാരാന്റെ മകന്‍ ലോത്തിനോട് അബ്രാഹം കാണിച്ച സ്‌നേഹവും വാത്സല്യവും ഇതിനുദാഹ രണമാണ്. 175-ാം വയസിലാണ് അബ്രാഹം മരിക്കുന്നത്. സ്വര്‍ഗത്തില്‍ അദ്ദേഹത്തിനു മഹനീയസ്ഥാനം ലഭിച്ചു. ഈശ്വരവിശ്വാസികളായ പരേതാത്മാക്കള്‍ സ്വര്‍ഗത്തിലെത്തും മുന്‍പ് അബ്രാഹമിന്റെ മടിയില്‍ കൊച്ചുകുട്ടികളെ പോലെ ഇരിക്കുന്നുവെന്നാണ് വിശ്വാസം. യേശു തന്നെ ഇതു പറയുന്നുണ്ട്. ധനികന്റെയും ദരിദ്രനായ ലാസറിന്റെയും കഥ വിവരിക്കുമ്പോള്‍ യേശു ഇങ്ങനെ പറയുന്നു. ''ആ ദരിദ്രന്‍ മരിച്ചു. മാലാഖമാര്‍ വന്ന് അയാളെ അബ്രാഹമിന്റെ മടിയിലേക്ക് എടുത്തു കൊണ്ടു പോയി.'' (ലൂക്ക 16:22) സാറായുടെ മരണശേഷം അബ്രാഹം കെത്തൂറ എന്നു പേരായ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അവരിലൂടെ അദ്ദേഹത്തിനു പിന്നെയും മക്കളുണ്ടായി. തന്റെ വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം മരിച്ചു. മക്കളായ ഇസഹാക്കും ഇസ്മായേലും ചേര്‍ന്ന് മകപെലാ ഗുഹയില്‍ ഭാര്യ സാറായുടെ സമീപം അവനെ അടക്കി.
Curtsy : Manuel George @ Malayala Manorama