അനുദിനവിശുദ്ധര്‍ : നവംബര്‍ 5
വി. എലിസബത്തും വി. സക്കറിയായും (ഒന്നാം നൂറ്റാണ്ട്)

പ്രവാചകനായ സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ എലിസ ബത്തിന്റെയും സക്കറിയായുടെയും ഓര്‍മദിവസമാണിന്ന്. സക്കറിയ ഒരു പുരോഹിതനായിരുന്നു. ആബിയായുടെ കുടുംബത്തില്‍ പ്പെട്ടവനായിരുന്നു അദ്ദേഹം. യേശുവിന്റെ മാതാവായ കന്യമറിയത്തിന്റെ ബന്ധുകൂടിയായിരുന്ന എലിസബത്ത് അഹരോ ന്റെ പുത്രിമാരില്‍ ഒരാളായിരുന്നു. എലിസബത്ത് വന്ധ്യയായിരുന്നു. ദാമ്പത്യജീവിതം ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവര്‍ക്കു മക്കളുണ്ടായില്ല. ഒരിക്കല്‍ സക്കറിയ ബലി അര്‍പ്പിച്ചുകൊണ്ടിരിക്കെ ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു. ''നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവനു യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിപൂരിതനാകും.'' (ലൂക്കാ 1: 13-15) പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. ദൈവ ദൂതന്‍ പറഞ്ഞു: '' ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്‌വാര്‍ത്ത നിന്നെ അറിയിക്കുവാന്‍ ദൈവം എന്നെ അയച്ചതാണ്. അവ നീ വിശ്വസിക്കാകയാല്‍ ഇത് സംഭവിക്കുന്നതുവരെ നീ സംസാരശക്തി നഷ്ടപ്പെട്ടവനായിത്തീരും.'' എലിസബത്ത് ഗര്‍ഭിണിയായി. ആറുമാസത്തിനു ശേഷം കന്യാകാമറിയത്തിനു യേശുവിന്റെ ജനനത്തെ കുറിച്ചും ദൈവദൂതന്റെ അറിയിപ്പുണ്ടായി. ദൈവദൂതന്റെ വാക്കുകള്‍ കേട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ പോയി. മറിയത്തെ കണ്ടമാത്രയില്‍ എലിസബത്ത് സന്തോഷം കൊണ്ട് മതിമറന്നു. ഗര്‍ഭസ്ഥശിശു ഉദരത്തില്‍ കിടന്നു കുതിച്ചു ചാടി. എലിസബത്ത് പറഞ്ഞു: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തുവരുവാനുള്ള ഭാഗ്യം എനിക്കെവിടെ നിന്നു സിദ്ധിച്ചു?.'' മറിയം പറഞ്ഞു: ''ഇതാ ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. എന്തെന്നാല്‍ ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.'' മറിയം എലിസബത്തിനൊപ്പം മൂന്നു മാസം താമസിച്ചശേഷമാണ് പിന്നീട് സ്വഭവനത്തിലേക്ക് തിരിച്ചുപോയതെന്നു ബൈബിള്‍ പറയുന്നു. യേശുവിനെ ഉദരത്തില്‍ വഹിച്ചുകൊണ്ട് മറിയം ആദ്യമായി സന്ദര്‍ശിക്കുന്നത് എലിസബത്തിനെയാണ് എന്നത് ആ കുടുംബത്തോട് ദൈവത്തിനുള്ള പ്രത്യേക താത്പര്യം വ്യക്തമാണ്. യഥാകാലം എലിസബത്ത് ഒരു കുഞ്ഞിനെ പ്രസവിച്ചു. അവനു പേരിടേണ്ട ദിവസം വന്നപ്പോള്‍ 'യോഹന്നാന്‍' എന്നു പേരിടണമെന്ന് സക്കറിയ എഴുതി കാണിച്ചു. ആ നിമിഷം അയാളുടെ സംസാരശേഷി തിരികെ കിട്ടി. സക്കറിയാ ഉറക്കെ വിളിച്ചുപറഞ്ഞു: ''ഇസ്രയേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ.''
Curtsy : Manuel George @ Malayala Manorama