അനുദിനവിശുദ്ധര്‍ : നവംബര്‍ 22
കന്യകയായ വി. സിസിലിയ (രണ്ടാം നൂറ്റാണ്ട്)

കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചിരുന്നവരെ ക്രൂരമായി കൊലപ്പെടുത്തിയിരുന്ന കാലത്ത് റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച സിസിലിയയുടെ ജീവിതകഥ ഒരു റോമന്‍ പുരാണകഥയാണെന്നു തോന്നിപ്പോകും. എന്നാല്‍ നാലാം നൂറ്റാണ്ടു മുതല്‍ തന്നെ 'സ്വര്‍ഗരാജ്യത്തിലെ ലില്ലിപുഷ്പം' എന്നറിയപ്പെടുന്ന വിശുദ്ധയാണവര്‍. നിരവധിയായ അനുഗ്രഹങ്ങള്‍ വിശ്വാസികള്‍ക്ക് വാങ്ങിക്കൊടുത്ത വിശുദ്ധ. ക്രിസ്തീയ സംഗീതത്തിന്റെ മാധ്യസ്ഥ കൂടിയാണീ വിശുദ്ധ. സിസിലിയയുടെ കഥ പറയാം. റോമിന്റെ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ഒരു കുടുംബമായിരുന്നു സിസിലിയയുടേത്. അതിസമ്പന്നരും തറവാടികളുമായിരുന്നു അവളുടെ മാതാപിതാക്കള്‍. സുന്ദരമായ ഒരു കൊട്ടാരത്തില്‍ എല്ലാ സുഖസൗകര്യങ്ങള്‍ക്കുമിടയില്‍ അവള്‍ ജീവിച്ചു. സ്വര്‍ണനൂലുകളാല്‍ അലങ്കരിക്കപ്പെട്ട വെള്ള വസ്ത്രങ്ങളാണ് അവള്‍ അണിഞ്ഞിരു ന്നത്. അവള്‍ക്കു കളിക്കുവാന്‍ മാത്രമായി വിശാലമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു. അതിസു ന്ദരങ്ങളായ പുഷ്പങ്ങള്‍ അവിടെ നട്ടുവളര്‍ത്തപ്പെട്ടു. പൂക്കളെയും പ്രകൃതിയെയും സ്‌നേഹിച്ച സിസിലിയ ലില്ലിപ്പൂക്കള്‍ പോലെ സുന്ദരിയുമായിരുന്നു. ഇത്ര സുന്ദരമായ പ്രകൃതിയെ സൃഷ്ടിച്ച സര്‍വശക്തന്‍ എത്ര വലിയവനായിരിക്കുമെന്ന് സിസിലിയ എപ്പോഴും ചിന്തിച്ചിരുന്നു. യേശുവിനെക്കുറിച്ച് കേട്ടറിഞ്ഞ നാള്‍ മുതല്‍ ആ ദിവ്യസ്‌നേഹം അനുഭവിച്ചു ജീവിക്കാന്‍ അവള്‍ കൊതിച്ചു. പൂന്തോട്ടത്തില്‍ ഏകാന്തതയിലിര ിക്കുമ്പോള്‍ മാലാഖമാര്‍ അവളെ സന്ദര്‍ശിക്കുമായിരുന്നു. സിസിലിയയുടെ മാതാപിതാക്കളും ദൈവഭയമുള്ളവരായിരുന്നു. എന്നാല്‍ച്ച വിവാഹപ്രായമെത്തിയപ്പോള്‍ പ്രഭുകുമാരനായ വലേറിയനുമായി അവളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. സിസിലിയ എതിര്‍ത്തുനോക്കി. പക്ഷേ, മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു അവള്‍ക്കു വഴങ്ങേണ്ടതായി വന്നു. വിവാഹദിവസം രാത്രി അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: ''എനിക്കൊരു രഹസ്യം പറയുവാനുണ്ട്. മറ്റാരോടും അത് പറയരുത്. ഞാന്‍ ദൈവദൂതന്റെ സംരക്ഷണയില്‍ കഴിയുന്നവളാണ്. എന്റെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍ താങ്കളോട് ദൈവദൂതന്‍ കോപിക്കും.''ഭര്‍ത്താവ് ചിരിച്ചുകൊണ്ട് ചോദിച്ചു: ''ഞാനിതു വിശ്വസിക്കുകയോ? ആദ്യം നീ ആ ദൈവദൂതനെ എനിക്കു കാണിച്ചുതരു. എന്നിട്ട് ഞാന്‍ നിന്റെ വാക്കുകള്‍ അനുസരിക്കാം.'' സിസിലിയ പറഞ്ഞു: ''ദൈവദൂതനെ നിനക്കു കാണുവാനാകും. പക്ഷേ, ആദ്യമായി താങ്കള്‍ ഏകദൈവവും സത്യദൈവവുമായ യേശു ക്രിസ്തുവില്‍ വിശ്വസിക്കണം.'' സിസിലിയയുടെ വാക്കുകള്‍ സത്യമാണോ എന്നറിയുന്നതിനു വേണ്ടി വലേറിയന്‍ ക്രിസ്തുമതം സ്വീകരിച്ചു. ജ്ഞാനസ്‌നാനം സ്വീകരിച്ചതോടുകൂടി അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടു. യഥാര്‍ഥ ദൈവത്തെ അദ്ദേഹം അനുഭവിച്ചറിഞ്ഞു. സിസിലിയയെ കന്യകയായി ജീവിക്കാന്‍ അനുവദിച്ച ശേഷം വലേറിയന്‍ സഹോദരനായ തിബൂര്‍ത്തിയോസിനൊപ്പം ക്രിസ്തുമതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കുന്നവരെ സംസ്‌കരിക്കുന്നതിനുള്ള ഒരു കൂട്ടായ്മയ്ക്ക് രൂപം കൊടുത്തു. പിന്നീട് ഇരുവരും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. വൈകാതെ റോമന്‍ അധികാരികള്‍ സിസിലിയയെയും തടവിലാക്കി. തടവറയില്‍ അവള്‍ ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങി. റോമന്‍ ദൈവത്തെ വണങ്ങാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അവളെ തീച്ചൂളയിലിട്ട് കൊല്ലുവാന്‍ കല്പനയുണ്ടായി. മൂന്നുദിവസം തീച്ചൂളയില്‍ കിടന്നിട്ടും അവളുടെ തലമുടിനാരു പോലും കരിഞ്ഞില്ല. പിന്നീട് അവളെ കഴുത്തുവെട്ടി കൊലപ്പെടുത്തി. ഒന്‍പതാം നൂറ്റാണ്ടില്‍ സിസിലിയയുടേത് എന്നു കരുതപ്പെടുന്ന ശവകുടീരം കണ്ടെടുക്കപ്പെട്ടു. റോമിലെ സിസിലിയയുടെ നാമത്തിലുള്ള ദേവാലയത്തില്‍ ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിക്കപ്പെട്ടു.
Curtsy : Manuel George @ Malayala Manorama