അനുദിനവിശുദ്ധര്‍ : നവംബര്‍ 12
വി. ലിവിനസ് (ഏഴാം നൂറ്റാണ്ട്)

സ്‌കോട്ട്‌ലന്‍ഡിലെ പ്രഭുകുടുംബത്തില്‍ ജനിച്ച ലിവിനസിന്റെ അമ്മ അയര്‍ലന്‍ഡിലെ രാജകുമാരിയായിരുന്നു. ലിവിനസ് പഠിച്ചതും വളര്‍ന്നതും അയര്‍ലന്‍ഡിലായിരുന്നു. ഉന്നത വിദ്യാഭ്യാസം ഇംഗ്ലണ്ടിലും. കാന്റര്‍ബറിയിലെ ആദ്യ ആര്‍ച്ച് ബിഷപ്പായി തീര്‍ന്ന വി. അഗസ്റ്റിന്റെ ശിഷ്യനായി തീര്‍ന്ന ലിവിനസ് അദ്ദേഹത്തില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ബെല്‍ജിയത്തിലേക്ക് മറ്റു മുന്നു പേരുമൊത്ത് സുവിശേഷപ്രവര്‍ത്തനത്തിനു പോയ ലിവിനസ് അവിടെ നിരവധി പേരെ യേശുവിലേക്ക് കൊണ്ടുവന്നു. പാവപ്പെട്ടവരെ സഹായിച്ചു. രോഗികളെ ആശ്വസിപ്പിച്ചു. പിന്നീടു ഗെന്റിലെ ആര്‍ച്ച് ബിഷപ്പായി തീര്‍ന്ന ലിവിനസിന്റെ സുവിശേഷ പ്രസംഗങ്ങള്‍ നിരവധി പേരെ മാനസാന്തരപ്പെടുത്തി. വിജാതീയ മതങ്ങളില്‍ വിശ്വസിച്ചിരുന്ന വിഗ്രഹാരാധനക്കാര്‍ യേശുവിനെക്കുറിച്ച് ആദ്യമായി കേട്ടു. യഥാര്‍ഥ ദൈവത്തിന്റെ ശക്തിയും സ്‌നേഹവും സംരക്ഷ ണവും വി. ലിവിനസിലൂടെ അനുഭവിച്ചറിഞ്ഞവരൊക്കെയും ക്രിസ്തുമതം സ്വീകരിച്ചു. വിഗ്രഹാ രാധനക്കാര്‍ സ്വാഭാവികമായും ലിവിനസിന്റെ ശത്രുക്കളായി മാറി. അദ്ദേഹത്തെ വധിക്കുവാന്‍ അവര്‍ തക്കം പാര്‍ത്തിരുന്നു. ഒടുവില്‍ അവര്‍ അദ്ദേഹത്തെ പിടികൂടി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ ആരംഭിച്ചു. സുവിശേഷപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറായാല്‍ കൊല്ലാതെ വിടാമെന്ന് അവര്‍ പറഞ്ഞു. ആ നിര്‍ദേശം ലിവിനസ് പരിഹസിച്ചു തള്ളി. മര്‍ദ്ദനങ്ങളേറ്റുവാങ്ങി കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ഉറക്കെ പ്രസംഗിക്കുവാന്‍ തുടങ്ങി. മര്‍ദ്ദകര്‍ അദ്ദേഹത്തിന്റെ നാക്ക് മുറിച്ചു കളഞ്ഞു. ഒടുവില്‍ അതിക്രൂരമായി ലിവിനസിനെ കൊല്ലപ്പെടുത്തി. മുറിച്ചുമാറ്റിയ ലിവിനസിന്റെ നാവ് നിലത്തുകിടന്നപ്പോള്‍ പ്രസംഗം തുടര്‍ന്നുകൊണ്ടിരുന്നു എന്നൊരു ഐതിഹ്യം ഇന്നും പ്രചാരത്തിലുണ്ട്.
Curtsy : Manuel George @ Malayala Manorama