അനുദിനവിശുദ്ധര്‍ : മെയ്‌ 27
വി. അഗസ്റ്റിന്‍ കാന്റര്‍ബറി (എ.ഡി.605)

കാന്റര്‍ബറിയിലെ ആദ്യ ആര്‍ച്ച് ബിഷപ്പായി തീര്‍ന്ന അഗസ്റ്റിന്‍ ഇറ്റലിയിലെ റോമിലാണ് ജനിച്ചത്. അവിടെ വിശുദ്ധനായിരുന്ന ആന്‍ഡ്രുവിന്റെ സന്യാസിമഠത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മഠാധിപതിയായുള്ള സേവനം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലേക്കു പോകാന്‍ അഗസ്റ്റിനോട് ആവശ്യപ്പെട്ടത് പോപ്പ് ഗ്രിഗറി ഒന്നാമനായിരുന്നു. തന്റെ മഠത്തില്‍ തന്നെയുണ്ടായിരുന്ന മറ്റു 40 സന്യാസികള്‍ക്കൊപ്പം അഗസ്റ്റിന്‍ ഇംഗ്ലണ്ടിലേക്കു പോയി. ഇംഗ്ലണ്ടില്‍ ആഗ്ലി എന്ന അറിയപ്പെട്ടിരുന്ന ഒരു വിഭാഗം കാട്ടുജാതിക്കാരുണ്ടായിരുന്നു. ഇവരോട് യേശുവിനെക്കുറിച്ചു പഠിപ്പിക്കുകയും അങ്ങനെ അവരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുകയു മായിരുന്നു അഗസ്റ്റിന്റെ പ്രധാന ചുമതല. എന്നാല്‍, ആഗ്ലി വിഭാഗക്കാരുടെ ക്രൂരകൃത്യങ്ങളുടെ കഥകള്‍ കേട്ടതോടെ അഗസ്റ്റിനു ഭയമായി. അവര്‍ തന്നെ കൊന്നുകളയുമെന്നു പേടിച്ച് അയാള്‍ തിരിച്ച് റോമിലേക്ക് പോയി. ഇതറിഞ്ഞ ഗ്രിഗറി പാപ്പ അഗസ്റ്റിനു കത്തെഴുതി. ''യേശുവിന്റെ നാമത്തില്‍ നീ മുന്നോട്ടു പോകുക. നീ അനുഭവിക്കുന്ന വേദനകള്‍ക്കെല്ലാം മധുരമുള്ള പ്രതിഫലം നിനക്കു ദൈവംതരും.'' മാര്‍പാപ്പയുടെ കത്തുവായിച്ചതോടെ അഗസ്റ്റിന്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ദൈവം അവരെ വഴിനടത്തി. ഇംഗ്ലണ്ടിലെ കെന്റിലെ രാജാവായിരുന്ന എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഒരു ക്രൈസ്തവ വിശ്വാസി യായിരുന്നത് അവര്‍ക്കു തുണയായി. അവര്‍ അവരെ സഹായിച്ചു. അഗസ്റ്റിന്റെ പ്രാര്‍ഥനയും ദൈവികശക്തിയും മനസിലാക്കിയതോടെ എഥെല്‍ബര്‍ട്ട് രാജാവും ക്രിസ്തു മതത്തില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചു. രാജാവും 10000 പേരും മാമോദീസ സ്വീകരിച്ചു ക്രിസ്തുവിന്റെ അനുയായികളായി. ഇതെത്തുടര്‍ന്ന് ഇംഗ്ലണ്ടില്‍ പല വിഭാഗത്തിലുള്ള ആയിരക്കണക്കിനാളുകള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നു.
Curtsy : Manuel George @ Malayala Manorama