അനുദിനവിശുദ്ധര്‍ : മെയ്‌ 22
വി. റീത്ത (1386- 1457)

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയാണ് വി. റീത്ത. ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ല എന്നു കരുതുന്ന അപേക്ഷകള്‍ പോലും ദൈവസന്നിധിയില്‍ നിന്നു വിശ്വാസികള്‍ക്കു വാങ്ങിക്കൊടുക്കുന്ന വിശുദ്ധയായി റീത്ത അറിയപ്പെടുന്നു. ഇറ്റലിയിലെ ഉംബ്രിയ എന്ന സ്ഥലത്ത് ജനിച്ച റീത്ത സന്യാസിനിയാകും മുന്‍പ് ഒരു കുടുംബിനിയായിരുന്നു. ഇരുപതാം വയസില്‍ വിവാഹിതയായി. രണ്ടു മക്കളുടെ അമ്മയായി. ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ വിധവയായി. മക്കള്‍ കൂടി നഷ്ടപ്പെട്ടതോടെ അനാഥയായി. ഒടുവില്‍ സന്യാസിനിയുമായി. നഷ്ടങ്ങള്‍ ഏറെയുണ്ടായിട്ടുള്ള ജീവിതമായിരുന്നുവെങ്കിലും എന്നും അവള്‍ക്കു തുണയായി ഈശോയുണ്ടായിരുന്നു. പ്രാര്‍ഥനയുടെയും അടിയുറച്ച വിശ്വാസത്തിന്റെയും ശക്തിയില്‍ അവള്‍ വേദനകളെ നിഷ്പ്രയാസം നേരിട്ടു. റീത്തായുടെ മാതാപിതാക്കള്‍ കര്‍ഷകരായിരുന്നു. കുട്ടികളില്ലാത്തതിന്റെ വേദനയൊഴിച്ചാല്‍ മറ്റെല്ലാംകൊണ്ടും അവര്‍ സന്തുഷ്ടരായിരുന്നു. 'യേശുവിന്റെ സമാധാനപാലകര്‍' എന്നാണ് നാട്ടുകാര്‍ അവരെ വിളിച്ചിരുന്നത്. വാര്‍ധക്യത്തിനടുത്ത് എത്തിയിരുന്ന അവര്‍ക്ക് വളരെ നാളുകള്‍ നീണ്ട പ്രാര്‍ഥനയുടെ ഫലമായി റീത്ത ജനിച്ചു. മാര്‍ഗരീത്ത എന്നായിരുന്നു അവളുടെ ദേവാലയത്തിലെ പേര്. മാതാപിതാക്കളുടെ വിശ്വാസത്തിനൊപ്പം അവള്‍ വളര്‍ന്നു. പന്ത്രണ്ടാം വയസില്‍ യേശുവിനു വേണ്ടി തന്റെ ജീവിതം നീക്കിവയ്ക്കുമെന്നു കന്യാസ്ത്രീയാകുമെന്നും അവള്‍ പ്രതിജ്ഞ ചെയ്തു. എന്നാല്‍, റീത്തായുടെ തീരുമാനത്തോട് അവരുടെ മാതാപിതാക്കള്‍ യോജിച്ചില്ല. അവളെ വിവാഹിതയായി കാണാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. റീത്തയ്ക്കു തന്റെ മാതാപിതാക്കളെ അനുസരിക്കേണ്ടി വന്നു. അങ്ങനെ പതിനെട്ടാം വയസില്‍ അവള്‍ വിവാഹിതയാകുകയും ഇരട്ട ആണ്‍കുട്ടികളുടെ അമ്മയാകുകയും ചെയ്തു. പൗലോ മാന്‍സിനി എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. പൗലോ ഒരു കാവല്‍ക്കാരനായാണ് ജോലി നോക്കിയുരുന്നത്. ഒരു മുഴുക്കുടിയനായിരുന്നു അയാള്‍. റീത്തയെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നത് അയാളുടെ വിനോദമായിരുന്നു. പൗലോയ്ക്ക് ഒട്ടേറെ ശത്രുക്കളുമുണ്ടായിരുന്നു. റീത്ത എന്നും തന്റെ ഭര്‍ത്താവിനു വേണ്ടി പ്രാര്‍ഥിച്ചു. പതിനെട്ടു വര്‍ഷത്തോളം റീത്തായ്‌ക്കൊപ്പം ജീവിച്ച ആ മനുഷ്യന്‍ അവളുടെ പ്രാര്‍ഥനകളുടെ ഫലമായി ഒടുവില്‍ നേര്‍വഴിയിലേക്കു വന്നു. തെറ്റുകള്‍ തിരുത്തി പുതിയൊരു ജീവിതം തുടങ്ങാന്‍ അയാള്‍ തീരുമാനിച്ചു. എന്നാല്‍, ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. പെട്ടെന്ന് ഒരു ദിവസം തന്റെ പഴയ ശത്രുക്കളുടെ കൈകളാല്‍ പൗലോ കൊല്ലപ്പെട്ടു. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരോടു പോലും ക്ഷമിക്കാന്‍ റീത്തയ്ക്കു കഴിഞ്ഞു. അവള്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. എന്നാല്‍, റീത്തയുടെ രണ്ട് ആണ്‍മക്കളും അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ രണ്ടു മക്കളെയും റീത്തയ്ക്കു നഷ്ടപ്പെട്ടു. അവരും കൊല്ലപ്പെട്ടു. ഭര്‍ത്താവും മക്കളും നഷ്ടമായതോടെ, സന്യാസിനിയായി ജീവിക്കാന്‍ അവള്‍ തീരുമാനിച്ചു. അഗസ്റ്റീനിയന്‍ മഠത്തില്‍ ചേരാനായിരുന്നു അവളുടെ ആഗ്രഹം. റീത്തായുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരുടെ ബന്ധുക്കളായി ചില സന്യാസിനികള്‍ അവിടെയുണ്ടായിരുന്നു. റീത്ത അവരോട് പ്രതികാരം ചെയ്യാനാണ് മഠത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നതെന്നു കരുതി മഠാധിപര്‍ അവളെ സഭയില്‍ ചേര്‍ത്തില്ല. റീത്ത കണ്ണീരോടെ പ്രാര്‍ഥിച്ചു. ഒരിക്കല്‍, പ്രാര്‍ഥനയ്ക്കിടയില്‍ വി. അഗസ്റ്റീനും വി. നിക്കോളാസും സ്‌നാപകയോഹന്നാനും അവള്‍ക്കു പ്രത്യക്ഷപ്പെട്ടു. അവര്‍ അവളെ ആ രാത്രിയില്‍ തന്നെ മഠത്തില്‍ കൊണ്ടു ചെന്നാക്കി. മഠത്തിന്റെ വാതിലുകളെല്ലാം ഭദ്രമായി അടച്ചിരുന്നതിനാല്‍ റീത്ത മഠത്തിനുള്ളില്‍ എത്തിയത് മറ്റു സന്യാസിനികളെ അദ്ഭുതപ്പെടുത്തി. റീത്ത പറഞ്ഞത് അവര്‍ വിശ്വസിച്ചു. അവളെ സന്യാസിനിയാകാന്‍ അനുവദിച്ചു. എപ്പോഴും പ്രാര്‍ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന റീത്ത രോഗികളെ ശുശ്രൂക്ഷി ക്കുവാനും അനാഥരെ സംരക്ഷിക്കുവാനും മുന്നിട്ടിറങ്ങി. നാല്‍പതു വര്‍ഷത്തോളം ആ മഠത്തില്‍ റീത്ത ജീവിച്ചു. അവളുടെ അവസാന കാലത്ത് ഒരു ദിവസം യേശു കുരിശില്‍ സഹിച്ച പീഡനങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടിരിക്കവേ, പെട്ടെന്ന് ഭിത്തിയിലുണ്ടായിരുന്ന യേശുവിന്റെ കുരിശുരൂപത്തില്‍ നിന്നു തെറിച്ചുവന്ന എന്തോ ഒന്ന് അവളുടെ നെറ്റിയില്‍ വന്നു കൊള്ളുകയും ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ആ മുറിവ് പിന്നീട് പഴുക്കുകയും ദു:സഹമായ വേദന അനുഭവിക്കുകയും ചെയ്തുവെങ്കില്‍ അതെല്ലാം യേശുവിന്റെ നാമത്തില്‍ അവള്‍ സഹിച്ചു. ക്ഷയരോഗം കൂടി ബാധിച്ചതോടെ റീത്ത തീര്‍ത്തും അവശയായി. അധികം വൈകാതെ അവള്‍ മരിച്ചു. 1900 ല്‍ റീത്തയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama