അനുദിനവിശുദ്ധര്‍ : മെയ്‌ 10
വി. സോളാങ്കി (-880)

ഫ്രാന്‍സിലെ ബോര്‍ഗസില്‍ ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിക്കുകയും തന്റെ പാതിവ്രത്യം സംരക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെടുകയും ചെയ്ത വിശുദ്ധയാണ് സോളാങ്കി. മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ദരിദ്രരായ മാതാപിതാക്കളുടെ മകളായാണ് സോളാങ്കി ജനിച്ചത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ ചാരിത്ര്യം ഒരിക്കലും നഷ്ടപ്പെടുത്താതെ യേശുവിനു വേണ്ടി ജീവിക്കുമെന്നു അവര്‍ പ്രതിജ്ഞ ചെയ്തിരുന്നു. അതീവ സുന്ദരിയായിരുന്നു അവള്‍. അതുകൊണ്ടു തന്നെ പലരും അവളെ മോഹിച്ചിരുന്നു. ബെര്‍ണാഡ് ഡി ലാ ഗോത്തി എന്നൊരു പ്രഭുകുമാരന്‍ അവളെ പ്രണയിച്ചിരുന്നു. സോളാങ്കിയെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി അയാള്‍ പറഞ്ഞു. എന്നാല്‍ അവള്‍ ആ വിവാഹാഭ്യര്‍ഥന നിഷേധിച്ചു. തന്റെ ജീവിതം യേശുവിനു സമര്‍പ്പിച്ചിരിക്കുകയാണെന്ന് സോളാങ്കി തീര്‍ത്തുപറഞ്ഞു. അയാള്‍ അവളെ ഏറെ നിര്‍ബന്ധിച്ചു. നിരവധി പ്രലോഭനങ്ങള്‍ അവള്‍ക്കു മുന്‍പില്‍ വച്ചെങ്കിലും സോളാങ്കി വഴങ്ങിയില്ല. അവളോട് തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കിയ ബെര്‍ണാഡ് അവളെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചു. രാത്രി അവള്‍ ഉറങ്ങിക്കിടക്കവെ അവന്‍ എത്തി. അവളെ ബലമായി പിടിച്ചു കുതിരപ്പുറത്ത് കയറ്റി പാഞ്ഞുപോയി. സോളാങ്കി ബഹളം വയ്ക്കുകയും ചാടിപ്പോകാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു ചെറിയ പുഴയുടെ കുറകെ പോയിക്കൊണ്ടിരുന്നപ്പോള്‍ അവള്‍ കുതിരപ്പുറത്തുനിന്ന് ചാടി. ക്ഷുഭിതനായ പ്രഭുകുമാരന്‍ അപ്പോള്‍ തന്നെ വാള്‍ കൊണ്ട് അവളുടെ തലയറുത്തു. സോളാങ്കിയുടെ ജീവിതത്തെക്കുറിച്ച് നിരവധി കഥകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. മരണശേഷം തലയില്ലാതെ അവള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നും തന്റെ കൈകളില്‍ മുറിഞ്ഞുവീണ തല എടുത്തുകൊണ്ട് അടുത്തുള്ള ദേവാലയത്തിലേക്ക് പോയിയെന്നും അതു കണ്ടു നിന്ന ജനങ്ങളോട് അവള്‍ സുവിശേഷം പ്രസംഗിച്ചെന്നുമാണ് അതിലൊരു കഥ. ഏതായാലും സോളാങ്കിയുടെ മരണശേഷം നിരവധി അദ്ഭുതങ്ങള്‍ അവളുടെ നാമത്തില്‍ സംഭവിച്ചു. ആട്ടിടയരുടെയും മാനഭംഗത്തിനിരയാകുന്നവരുടെയും മധ്യസ്ഥയായാണ് സോളാങ്കി അറിയപ്പെടുന്നത്.
Curtsy : Manuel George @ Malayala Manorama