അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 28
വി. ഗോന്ത്രാമനസ് എന്ന ഗോന്ത്രാന്‍ രാജാവ് ( 525-593)

ഫ്രാന്‍സിലെ ക്‌ളോട്ടയര്‍ രാജാവിന്റെ നാലു മക്കളിലൊരാളായിരുന്നു ഗോന്ത്രാന്‍. എ.ഡി. 561 ല്‍ ക്‌ളോട്ടയര്‍ രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം നാലായി ഭാഗിച്ചു നാലു മക്കളും ഒരോ ഭാഗം ഭരിച്ചു. മൂത്ത സഹോദരന്‍ ചാരിബെര്‍ട്ടായിരുന്നു പാരീസ് ഭരിച്ചത്. ഓര്‍ലീന്‍സിന്റെയും ബര്‍ഗന്റിയുടെയും രാജാവായിരുന്നു ഗോന്ത്രാന്‍. ചലോണ്‍സായിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. ഒരിക്കല്‍ ഗോന്ത്രാന്റെ ഭാര്യ രോഗം ബാധിച്ചു മരണാസന്നയായി. തന്റെ ഭാര്യയുടെ രോഗം സുഖപ്പെടുത്താന്‍ കഴിയാഞ്ഞതി നു വൈദ്യനെ ഗോന്ത്രാന്‍ കൊലപ്പെടുത്തി. എന്നാല്‍, ഈ സംഭവത്തെ കുറി ച്ചോര്‍ത്തു പിന്നീട് ജീവിതകാലം മുഴുവന്‍ ഗോന്ത്രാന്‍ ദുഃഖിച്ചു. ക്രൈസ്തവ മതം സ്വീകരിച്ച ശേഷം താന്‍ ചെയ്ത തെറ്റുകള്‍ മനസിലാക്കിയ ഗോന്ത്രാന്‍ കുറ്റബോധം നിമിത്തം അസ്വസ്ഥനായി. പ്രായശ്ചിത്തമെന്ന നിലയില്‍ ക്രൈസ്തവ ദേവാലയം പണിയുകയും പാവങ്ങള്‍ക്കു വേണ്ടി ജീവിക്കുകയും ചെയ്തു. തന്റെ സഹോദരന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്തു അവരെ പരാജയപ്പെടുത്തേണ്ട അവസ്ഥയാ ണു ഗോന്ത്രാനു പിന്നീട് ഉണ്ടായത്. എന്നാല്‍ അവരുടെ ഒരു തുണ്ടു ഭൂമി പോലും സ്വന്തമാക്കാ തെ അവരെ സമാധാനത്തില്‍ വിടുകയാണ് അദ്ദേഹം ചെയ്തത്. പുരോഹിതന്‍മാരെയും സന്യാസികളെയും ഏറെ ബഹുമാനിച്ചിരുന്ന ഗോന്ത്രാന്‍ മര്‍ദ്ദിതരുടെ സംരക്ഷകനും പ്രജകളുടൈ പ്രിയപ്പെട്ടവനുമായി മാറി. പ്രജകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനുമായി അദ്ദേഹം പ്രാര്‍ഥിക്കുകയും ഉപവസിക്കുകയും ചെയ്തു. തന്റെ പടയാളികള്‍ ജനങ്ങളെ മര്‍ദിക്കുന്നതും പീഡിപ്പിക്കുന്നതും അദ്ദേഹം തടഞ്ഞു. തെറ്റുചെയ്യുന്നവരെ ന്യായമായി ശിക്ഷിക്കാനും അദ്ദേഹം മടിച്ചില്ല. എന്നിരുന്നാലും, തനിക്കു നേരെ തെറ്റുചെയ്യുന്നവരോട് ഗോന്ത്രാന്‍ ക്ഷമിച്ചു. 32 വര്‍ഷം രാജ്യം ഭരിച്ച ഗോന്ത്രാന്‍ 68-മത്തെ വയസില്‍ മരിച്ചു.
Curtsy : Manuel George @ Malayala Manorama