അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 26
വി. മാര്‍ഗരറ്റ് (1555-1586)

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ മതപീഡന കാലത്തു രക്തസാക്ഷിത്വം വഹിച്ച ആദ്യ വനിതയാണ് വി. മാര്‍ഗരറ്റ്. കത്തോലിക്ക വിശ്വാസത്തില്‍ ചേരുകയും പുരോഹി തന്‍മാരെ ഒളിച്ചു താമസിപ്പിക്കുകയും ചെയ്തു എന്നതായിരുന്ന മാര്‍ഗരറ്റ് ചെയ്ത കുറ്റം. പ്രൊട്ടസ്റ്റന്റ് മതവിശ്വാസികളായ മാതാപിതാക്കളുടെ മകളായി 1555 ലായിരുന്നു മാര്‍ഗരറ്റ് ജനിച്ചത്. പതിനാറാം വയസില്‍ അവള്‍ വിവാഹിതയായി. ജോണ്‍ ക്ലീത്തെറോ എന്ന പ്രൊട്ടസ്റ്റന്റ് മതക്കാരനായിരുന്നു ഭര്‍ത്താവ്. വിവാഹത്തിനു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ഗരറ്റ് ഭര്‍ത്താവിന്റെ അനുമതിയോടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. ക്ലീത്തെറോയ്ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അത്രയ്ക്കു ശക്തമായിരുന്നു അവരുടെ ദാമ്പത്യം. ഇറച്ചിവില്‍പനക്കാരനായിരുന്ന ക്ലീത്തറൊയെ കച്ചവടത്തിലും മാര്‍ഗരറ്റ് സഹായിച്ചു. അവര്‍ക്കു മുന്നു മക്കളും ഉണ്ടായിരുന്നു. എല്ലാ തിരക്കുകള്‍ക്കിടയിലും ദിവസവും ഒന്നരമണിക്കൂര്‍ നേരം മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. ആഴ്ചയില്‍ നാലു ദിവസം ഉപവസിച്ചു. എല്ലാദിവസവും ഒളിവില്‍ പോയി വി. കുര്‍ബാന കണ്ടു. അക്കാലത്ത് കത്തോലിക്ക പുരോഹിതന്‍മാരെല്ലാം ഒളിവില്‍ കഴിഞ്ഞായിരുന്നു പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നത്. പിടിക്കപ്പെട്ട പുരോഹിതരെല്ലാം വധിക്കപ്പെട്ടു. തന്റെ വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ ചില പുരോഹിതരെ ഒളിച്ചുപാര്‍ക്കാന്‍ മാര്‍ഗരറ്റ് സഹായിച്ചു. അവിടെ വി. കുര്‍ബാന അര്‍പ്പിക്കാനും അവര്‍ക്കു സൗകര്യങ്ങളൊരുക്കി കൊടുത്തു. മാത്രമല്ല, ഒട്ടേറെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരെ കത്തോലിക്ക വിശ്വാസത്തിലേക്കു മടക്കികൊണ്ടുവരാനും മാര്‍ഗരറ്റിനു സാധിച്ചു. ഇവയൊക്കെയും മരണശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു അന്ന്. പക്ഷേ, മാര്‍ഗരറ്റ് ഭയപ്പെട്ടില്ല. തന്റെ മകന്‍ ഹെന്റിയെ കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ത്തണമെന്നായിരുന്നു മാര്‍ഗരറ്റിന്റെ ആഗ്രഹം. അതിനു വേണ്ടി അവള്‍ ഹെന്റിയെ ഇംഗ്ലണ്ടിനു പുറത്തയച്ചാണ് പഠിപ്പിച്ചത്. ഇതും ഗുരുതരമായ കുറ്റമായിരുന്നു. ഒടുവില്‍ അധികാരികള്‍ മാര്‍ഗരറ്റിനെ പിടികൂടുകയും ചെയ്തു. മാര്‍ഗരറ്റിന്റെ വീടു മുഴുവന്‍ സൈനികര്‍ പരിശോധിച്ചെങ്കിലും ഒളിവില്‍ കഴിഞ്ഞ പുരോഹിതരെ പിടിക്കാനായില്ല. അവര്‍ രക്ഷപ്പെട്ടു. തെറ്റുകള്‍ മനസിലാക്കി ക്ഷമ ചോദിക്കാത്ത എല്ലാവര്‍ക്കും മരണശിക്ഷ നല്‍കുകയായിരുന്നു പതിവ്. എന്നാല്‍, തെറ്റുകള്‍ ക്ഷമിക്കണമെന്നു യാചിക്കാന്‍ അവള്‍ തയാറായില്ല. ''ഞാന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് എന്നെ വിചാരണ ചെയ്യുന്നത്'' - അവള്‍ ന്യായാധിപന്‍മാരോടു ചോദിച്ചു. മാര്‍ഗരറ്റിനു മരണശിക്ഷ വിധിക്കപ്പെട്ടു. തടികൊണ്ടുള്ള ഒരു പലകയ്ക്കും പാറയ്ക്കുമിടയില്‍ കിടത്തി വലിയ ഭാരം ഇട്ട് ഞെരുക്കി കൊല്ലാനായിരുന്നു തീരുമാനം. അതിഭീകരമായ ശിക്ഷയെ പറ്റി കേട്ടിട്ടും മാര്‍ഗരറ്റിന്റെ മുഖത്തു നിന്നു ചിരി മാഞ്ഞില്ല. ''ഞാന്‍ ഭാഗ്യവതിയാണ്. ഇതിലും നല്ലൊരു മരണം എനിക്കു ലഭിക്കാനില്ല.'' മരിക്കുന്നതിനു തൊട്ടു മുന്‍പും മാര്‍ഗരറ്റ് പ്രാര്‍ഥിച്ചു. '' യേശു, യേശു, യേശു...എന്നോടു കരുണ തോന്നണമേ...'' മാര്‍ഗരറ്റ് കൊല്ലപ്പെടുമ്പോള്‍ അവര്‍ക്കു 30 വയസുമാത്രമായിരുന്നു പ്രായം. 1970 ഒക്‌ടോബര്‍ 25ന് പോപ്പ് പോള്‍ ആറാമന്‍ മാര്‍ഗരറ്റിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama