അനുദിനവിശുദ്ധര്‍ : മാര്‍ച്ച് 23
വി. റാഫ്ഖ (1832 - 1914)

യേശുക്രിസ്തു പീഡാനുഭവ വേളയില്‍ അനുഭവിച്ച വേദനയുടെ തീവ്രത അളക്കാന്‍ ആര്‍ക്കു കഴിയും? ആ വേദന അനുഭവിക്കാനുള്ള ഭാഗ്യം തനിക്കു തരേണമേ എന്നു പ്രാര്‍ഥിച്ച വിശുദ്ധയാണ് റാഫ്ഖ. ദൈവം അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തു. 1832 ല്‍ ലബനനിലെ കുലീന കുടുംബത്തിലാണ് റാഫ്ഖ ജനിച്ചത്. റാഫ്ഖയ്ക്കു ആറു വയസു പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നെ, രണ്ടാനമ്മയാണ് അവളെ വളര്‍ത്തിയത്. 11 വയസു മുതല്‍ നാലു വര്‍ഷക്കാലം വീട്ടുജോലിയെടു ക്കേണ്ട സ്ഥിതിയിലേക്കാണ് രണ്ടാനമ്മയുടെ പീഡനം അവളെ കൊണ്ടെത്തിച്ചത്. 14-ാം വയസു മുതല്‍ യേശുവിനെ മാത്രം മനസില്‍ ധ്യാനിച്ചാണ് റാഫ്ഖ കഴിച്ചുകൂട്ടിയത്. പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും തന്റെ ജോലിഭാരം കുറയ്ക്കാന്‍ അവള്‍ക്കു സാധിച്ചു. ഒരു കന്യാസ്ത്രീ യായി തന്റെ ജീവിതം എന്നും ക്രിസ്തുവിനോടൊപ്പം ചെലവഴിക്കാനുള്ള തീരുമാനം റാഫ്ഖ എടുക്കുന്നത് ഇക്കാലത്താണ്. അച്ഛന്റെ എതിര്‍പ്പുണ്ടായിരുന്നിട്ടും അവള്‍ തന്റെ തീരുമാനം മാറ്റിയില്ല. 21-ാം വയസില്‍ റാഫ്ഖ മഠത്തില്‍ ചേര്‍ന്നു. പ്രേഷിത പ്രവര്‍ത്തങ്ങളും കാരുണ്യപ്രവര്‍ത്തികളും വഴി ഏവരുടെയും പ്രീതി പിടിച്ചു പറ്റിയ റാഫ്ഖ എപ്പോഴും ധ്യാനിച്ചിരുന്നത് ക്രിസ്തുവിന്റെ പീഡാനുഭവവേളയിലെ വേദനകളെ പറ്റിയായിരുന്നു. ഒരിക്കല്‍ വിശുദ്ധ ജപമാലയുടെ പെരുന്നാള്‍ ദിനത്തില്‍ റാഫ്ഖ യേശുവിനോടു പ്രാര്‍ഥിച്ചു: ''എന്റെ ദൈവമേ, നീ അനുഭവിച്ച വേദനകള്‍ നിന്നോടൊപ്പം ചേര്‍ന്ന് അനുഭവിക്കാന്‍ എന്നെ യോഗ്യയാക്കേണമേ..'' പിറ്റേന്ന് മുതല്‍ റാഫ്ഖയുടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അവളുടെ കാഴ്ച മങ്ങി വന്നു. കാലുകള്‍ക്കു ശേഷി നഷ്ടമായി. മുടന്തി മാത്രം നടക്കാനാവുന്ന അവസ്ഥയെത്തി. 30 വര്‍ഷം കൂടി ഈ അവസ്ഥയില്‍ അവര്‍ ജീവിച്ചു. പ്രാര്‍ഥനയും ഉപവാസവും വഴി വേദനകള്‍ ദൈവത്തോടൊപ്പം അനുഭവിച്ചു. എന്നാല്‍ ആ സമയത്തും കോണ്‍വന്റിലെ ജോലികള്‍ ചെയ്യാതിരിക്കാന്‍ അവര്‍ തയാറായില്ല. ഇരുന്നു കൊണ്ടു ചെയ്യാവുന്ന ജോലികളെല്ലാം അവര്‍ ചെയ്തു. 1907 ല്‍ റാഫ്ഖയുടെ ശരീരം പൂര്‍ണമായി തളര്‍ന്നു. കാഴ്ച പൂര്‍ണമായി നഷ്ടമായി. അപ്പോഴൊക്കെയും തനിക്കു തരുന്ന വേദനകള്‍ക്കു അവര്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. കൂടുതല്‍ വേദന അനുഭവിക്കാന്‍ അവര്‍ പിന്നെയും ആഗ്രഹിച്ചു. ആ സമയത്ത് മദര്‍ സുപ്പീരിയറും റാഫ്ഖയുടെ ഉറ്റ സ്‌നേഹിതയുമായിരുന്ന മദര്‍ ഉര്‍സുല ഡ്യുമിത്തിന്റെ നിര്‍ബന്ധ പ്രകാരം ആത്മകഥ എഴുതുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചു മരണത്തോട് അടുത്തു. മദര്‍ ഉര്‍സുലയോടു അവര്‍ യാത്ര ചോദിച്ചു. തന്റെ പ്രിയ സ്‌നേഹിതയെ ഒരിക്കല്‍ കൂടി കാണുവാനുള്ള അതിയായ മോഹത്താല്‍ തന്റെ കാഴ്ച ഒരു മണിക്കൂര്‍ നേരത്തേക്കു തിരിച്ചു നല്‍കണമേ എന്നു റാഫ്ഖ പ്രാര്‍ഥിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ക്കു കാഴ്ച ശക്തി തിരികെ കിട്ടി. ഒരു മണിക്കൂര്‍ നേരം അവര്‍ തന്റെ പ്രിയസ്‌നേഹിതയെ കണ്ടു സംസാരിച്ചു. വൈകാതെ അവര്‍ മരിച്ചു. റാഫ്ഖയുടെ മരണശേഷം നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ശവകുടീരത്തില്‍ നിന്നു അദ്ഭുതങ്ങള്‍ സംഭവിച്ചു തുടങ്ങി. മദര്‍ ഉര്‍സുലയ്ക്കായിരുന്നു ആദ്യമായി അനുഗ്രഹം കിട്ടിയത്. ശ്വാസകോശാര്‍ബുദം ബാധിച്ചു മരണത്തോട് അടുത്തു കൊണ്ടിരുന്ന അവരുടെ രോഗം പെട്ടെന്നു സുഖമായി. പിന്നീട് വളരെ പേര്‍ക്കും അനുഗ്രഹങ്ങളുണ്ടായി. 2001 ജൂണ്‍ 10 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ റാഫ്ഖയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
Curtsy : Manuel George @ Malayala Manorama