അനുദിനവിശുദ്ധര്‍ : ജൂണ്‍ 8
യോര്‍ക്കിലെ വി. വില്യം (1154)

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നു നീക്കം ചെയ്യപ്പെടുകയും പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ ആ സ്ഥാനം തിരിച്ചുകിട്ടുകയും ചെയ്ത വിശുദ്ധനാണ് വില്യം. ഇംഗ്ലണ്ടിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച വില്യത്തിന്റെ അച്ഛന്‍ ഹെന്റി ഒന്നാമന്‍ രാജാവിന്റെ ഖജാന്‍ജിയായിരുന്നു. അച്ഛന്‍ രാജാവിന്റെ പണം സൂക്ഷിപ്പു കാരനായിരുന്നെങ്കില്‍ മകന്‍ യോര്‍ക്കിലെ ദേവാലയത്തിന്റെ ഖജാന്‍ജിയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഈ സ്ഥാനം ഏറ്റെടുത്ത വില്യം തന്റെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചു പോന്നു. പിന്നീട് സ്റ്റീഫന്‍ രാജാവിന്റെ ഔദ്യോഗിക പുരോഹിതനായി വില്യം മാറുകയും ചെയ്തു. 1140ല്‍ വില്യം ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു. എന്നാല്‍, ഒരു വിഭാഗം പുരോഹിതര്‍ ഈ നിയമനത്തെ ചോദ്യം ചെയ്തു. വില്യം അഴിമതിക്കാരനാണെന്നും രഹസ്യമായി ലൈംഗിക ജീവിതം നയിക്കുന്നവനാണെന്നുമായിരുന്നു ആരോപണം. രാജകുടുംബവുമായുള്ള ബന്ധത്തിലും ദുരൂഹതകളുണ്ടെന്ന് അവര്‍ വാദിച്ചു. വത്തിക്കാന്‍ വിശദമായ അന്വേഷണം നടത്തിയെങ്കിലും ഒരു ആരോപണങ്ങള്‍ പോലും തെളിയിക്കാനായില്ല. എന്നാല്‍, കുറെ വര്‍ഷങ്ങള്‍ക്കു ശേഷം പോപ് യൂജിന്‍ മൂന്നാമന്റെ കാലത്ത് വീണ്ടും ആരോപണങ്ങള്‍ എതിര്‍വിഭാഗം ഉയര്‍ത്തികൊണ്ടുവന്നു. പോപ് ആരോപണങ്ങള്‍ വിശ്വസിക്കുകയും ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വില്യമിനെ നീക്കുകയും ചെയ്തു. സഭാവിശ്വാസികളായ നല്ലൊരു ശതമാനം ആളുകളും ഈ തീരുമാനത്തില്‍ ദുഃഖിതരായി. അവര്‍ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. വില്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന പുരോഹിതരുടെ മഠം തീവച്ചു നശിപ്പിക്കാനും ചിലര്‍ തയാറായി. എന്നാല്‍, വില്യം എല്ലാ വിവാദങ്ങളില്‍ നിന്നും വിട്ടുനിന്നു. പ്രാര്‍ഥനയും ഉപവാസവുമായി ഒരു സന്യാസിയായി അദ്ദേഹം ജീവിച്ചു. ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം അനസ്റ്റാസിയസ് നാലാമന്‍ മാര്‍പാപ്പയായപ്പോള്‍ കേസില്‍ പുനരന്വേഷണം നടത്തുകയും നിരപരാധിയാണെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് വില്യത്തിനെ വീണ്ടും ആര്‍ച്ച് ബിഷപ്പാക്കുകയും ചെയ്തു. ആര്‍ച്ച് ബിഷപ്പ് സ്ഥാനം തിരികെ കിട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ രോഗബാധിതനായി വില്യം മരിച്ചു. 1226 ല്‍ പോപ് ഹൊണോറിയസ് മൂന്നാമന്‍ വില്യത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. വില്യത്തിനെ എതിര്‍ത്തിരുന്ന പുരോഹിതര്‍ പോലും അപ്പോഴേക്കും തങ്ങളുടെ തെറ്റു മനസിലാക്കിയിരുന്നു. അവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
Curtsy : Manuel George @ Malayala Manorama