അനുദിനവിശുദ്ധര്‍ : ജൂലൈ 21
വി. വിക്ടര്‍ (മൂന്നാം നൂറ്റാണ്ട്)

റോമന്‍ സൈന്യത്തിലെ ഒരു പടയാളിയായിരുന്നു വിക്ടര്‍. മൂന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്ന മാക്‌സിമിയാന്‍ ചക്രവര്‍ത്തി ക്രിസ്തുവിന്റെ അനുയായികളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുക പതിവാക്കിയിരുന്ന ക്രൂരനായ ഭരണാധികാരിയായിരുന്നു. മാര്‍സെല്ലിസ് എന്ന റോമന്‍ ഭരണപ്രദേശത്ത് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നവര്‍ ഏറെപ്പേരുണ്ടായിരുന്നു. അവരെല്ലാം രഹസ്യമായി കൂടിച്ചേരുകയും പ്രാര്‍ഥിക്കുകയും ചെയ്തു പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചക്രവര്‍ത്തി മാര്‍സെല്ലിസ് സന്ദര്‍ശിക്കുന്നു എന്ന വാര്‍ത്ത പരന്നു. ചക്രവര്‍ത്തിയുടെ സന്ദര്‍ശനവാര്‍ത്ത ക്രൈസ്തവരില്‍ ഭീതി പരത്തി. യേശുവിനു വേണ്ടി മരിക്കാന്‍ തയാറാവണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിക്ടര്‍ എല്ലാ ക്രൈസ്തവ ഭവനങ്ങളും സന്ദര്‍ശിച്ചു. അതീവ രഹസ്യമായി രാത്രിസമയത്തായിരുന്നു വിക്ടറിന്റെ സന്ദര്‍ശനം. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി ഈ ലോകജീവിതം അവസാനിപ്പിക്കേണ്ടി വന്നാലും മരണമില്ലാത്ത സ്വര്‍ഗരാജ്യത്തില്‍ എന്നും യേശുവിനോട് കൂടെയിരിക്കാന്‍ സാധിക്കുമെന്ന് വിക്ടര്‍ ഏവരെയും പറഞ്ഞുമനസിലാക്കി. ഒരു ദിവസം ഭവനസന്ദര്‍ശനം നടത്തവേ വിക്ടറിനെ ചില റോമന്‍ ഉദ്യോഗസ്ഥര്‍ കണ്ടു. അദ്ദേഹം തടവിലാക്കപ്പെട്ടു. ന്യായാധിപന്‍മാര്‍ വിക്ടറിനെ ഉപദേശിച്ച് അവരുടെ വഴിയേ കൊണ്ടുവരാന്‍ ശ്രമിച്ചു. മരിച്ചുപോയ ഒരാള്‍ക്കുവേണ്ടി സ്വന്തം ജീവിതം നഷ്ടപ്പെടുത്താതെ റോമന്‍ ചക്രവര്‍ത്തി യുടെ പ്രിയപ്പെട്ടവനായി ജീവിക്കുവാനുള്ള അവരുടെ ഉപദേശം വിക്ടര്‍ പുച്ഛത്തോടെ തള്ളിക്കളഞ്ഞു. വിക്ടറിനെ വിചാരണ ചെയ്യുന്നതു കാണാന്‍ ജനം തടിച്ചുകൂടിയിരുന്നു. അവര്‍ക്കെല്ലാം കേള്‍ക്കാവുന്ന വിധത്തില്‍ ശബ്ദം ഉയര്‍ത്തി വിക്ടര്‍ വിളിച്ചുപറഞ്ഞു. ''ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യവംശത്തിന്റെ രക്ഷകനും പിതാവായ ദൈവത്തിനു തുല്യനുമാണ്. കുരിശില്‍ കിടന്ന് മരിച്ച യേശു മൂന്നാം ദിവസം ഉയിര്‍ ത്തെഴുന്നേറ്റു.'' വിക്ടറിന്റെ ഈ വിശ്വാസപ്രഖ്യാപനം റോമന്‍ ഭരണാധികാരികളെ ചൊടിപ്പിച്ചു. കോടതിയില്‍ വച്ചുതന്നെ ക്രൂരമായി മര്‍ദിച്ചു. നഗരത്തിലൂടെ വലിച്ചിഴച്ചുകൊണ്ട് നടന്ന ശേഷം തിരിച്ച് കോടതിയിലേക്ക് കൊണ്ടുവന്നു. വേദനകള്‍ സഹിക്കാനാവാതെ യേശുവിനെ തള്ളിപ്പറയാന്‍ വിക്ടര്‍ തയാറാകുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ വിക്ടര്‍ യേശുവിനെ തള്ളിപ്പറയാന്‍ തയാറായില്ല. വികടര്‍ തടവിലാക്കപ്പെട്ടു. മര്‍ദനങ്ങള്‍ എല്ലാ ദിവസവും മുറപോലെ നടന്നു. തനിക്കൊപ്പം തടവിലുണ്ടായിരുന്നവരെ യേശുവിനെ കുറിച്ചു പഠിപ്പിച്ചു. ഒരു ദിവസം, വിക്ടര്‍ ക്രൂരമായ പലവിധ മര്‍ദനങ്ങളാല്‍ തളര്‍ന്ന് കിടക്കുകയായിരുന്നു. അപ്പോള്‍ സൂര്യനെ പോലെ തീവ്രമായ പ്രകാശം തടവറയ്ക്കുള്ളില്‍ നിറഞ്ഞു. മാലാഖമാര്‍ക്കൊപ്പം യേശു പ്രത്യക്ഷനായി. തടവറയ്ക്കു കാവല്‍ നിന്നിരുന്ന മൂന്നു സൈനികര്‍ അസാധാരണമായ സംഭവങ്ങള്‍ക്ക് സാക്ഷിയായി. അവര്‍ ഓടിയെത്തി വിക്ടറിന്റെ പാദങ്ങളില്‍ വീണു. അവര്‍ അപ്പോള്‍ തന്നെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ഈ സംഭവങ്ങള്‍ അറിഞ്ഞ ചക്രവര്‍ത്തി നാലുപേരെയും തന്റെ മുന്നില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു. റോമന്‍ ദൈവമായ ജൂപ്പിറ്ററിന്റെ പ്രതിമയ്ക്കു മുന്നില്‍ കുമ്പിടാന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. നാലു പേരും അതിനു തയാറായില്ല. വിക്ടറടക്കം നാലു പേര്‍ അപ്പോള്‍ തന്നെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു.
Curtsy : Manuel George @ Malayala Manorama