അനുദിനവിശുദ്ധര്‍ : ജൂലൈ 15
കീവിലെ വി. വ്‌ളാഡിമീര്‍ (956-1015)

യുക്രൈനിന്റെ തലസ്ഥാനമായ കീവ് ഒരു കാലത്ത് ഭരിച്ചിരുന്നത് വ്‌ളാഡിമീര്‍ എന്ന ചക്രവര്‍ത്തിയായിരുന്നു. അക്രൈസ്തവ മതങ്ങളായിരുന്നു അന്ന് കീവ് സാമ്രാജ്യം മുഴുവനുമുണ്ടായിരുന്നത്. വ്‌ളാഡിമീറും അത്തരമൊരു മതത്തിന്റെ പ്രചാരകനായിരുന്നു. തന്റെ മതം പ്രചരിപ്പിക്കുന്നതിനു വേണ്ടി ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു. വിഗ്രഹാരാധനയും നരബലിയും പോലുള്ള പ്രാചീനമായ ആചാരങ്ങളില്‍ വ്‌ളാഡിമീര്‍ പങ്കെടുത്തുപോന്നു. വ്‌ളാഡിമീറിന് ഏഴു ഭാര്യമാരുണ്ടായിരുന്നു. ഒരിക്കല്‍ ബൈസാന്റയിന്‍ ചക്രവര്‍ത്തിയായിരുന്ന ബേസില്‍ രണ്ടാമനുമായി വ്‌ളാഡിമീര്‍ ഒരു സൈനിക കരാര്‍ സ്ഥാപിച്ചു. ശത്രുരാജ്യങ്ങളെ ഒന്നിച്ച് നേരിടുന്നതിനു വേണ്ടിയായിരുന്നു കരാര്‍. ബള്‍ഗേറിയ, ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കെതിരെ അവര്‍ യുദ്ധം നയിച്ചു. ബേസില്‍ ചക്രവര്‍ത്തി ക്രൈസ്തവ വിശ്വാസിയായിരുന്നു. ചക്രവര്‍ത്തിയുടെ സഹോദരി ആനിയെ വിവാഹം കഴിക്കാന്‍ വ്‌ളാഡിമീര്‍ ആഗ്രഹിച്ചു. ആനി യേശുവിനെ ആരാധിച്ചിരുന്ന ഉത്തമ ക്രിസ്തുശിഷ്യയായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ വ്‌ളാഡിമീര്‍ ആഗ്രഹിക്കുന്നതായി അറിഞ്ഞ ആനി വിവാഹത്തിന് ഒരു വ്യവസ്ഥ വച്ചു. അക്രൈസ്തവ മതവിശ്വാസം അവസാനി പ്പിച്ച് ക്രിസ്തുമതത്തില്‍ വിശ്വസിക്കണം. വ്‌ളാഡിമീര്‍ സമ്മതിച്ചു. വ്‌ളാഡിമീര്‍ മാമോദീസ മുങ്ങി. ബേസില്‍ എന്ന പേരും സ്വീകരിച്ചു. ആനിയിലൂടെ യേശുവിനെ മനസിലാക്കിയ വ്‌ളാഡിമീര്‍ തന്റെ നാട്ടില്‍ തിരികെയെത്തിയതോടെ കീവിലും തന്റെ ഭരണത്തിനു കീഴിലുള്ള സ്ഥലങ്ങളിലുമെല്ലാം ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ ഉത്തരവിട്ടു. അദ്ദേഹം തന്നെ മുന്‍പ് പണികഴിപ്പിച്ചിരുന്ന ക്ഷേത്രങ്ങളെല്ലാം നശിപ്പിച്ചു. ബൈസാന്റയിന്‍ ആരാധനാക്രമമാണ് വ്‌ളാഡിമീര്‍ സ്വീകരിച്ചത്. റഷ്യയിലെങ്ങും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതില്‍ വ്‌ളാഡിമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ക്രിസ്തുവില്‍ വിശ്വസിച്ചതോടെ തന്റെ ഭരണം മെച്ചപ്പെടുത്താനും എല്ലാ ജനങ്ങളെയും സഹാ യിക്കാനും വ്‌ളാഡിമീര്‍ തീരുമാനിച്ചു. കോടതികള്‍ സ്ഥാപിച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ സംവിധാനമൊരുക്കി. പാവങ്ങള്‍ക്ക് ചികിത്സ നല്‍കുവാന്‍ ആശുപത്രികളും സ്ഥാപിച്ചു. വ്‌ളാഡിമീറിനും ആനിക്കും ഉണ്ടായ രണ്ടു മക്കളായ ബോറിസും ഗെല്‍ബും പില്‍ക്കാലത്ത് യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരാണ്.
Curtsy : Manuel George @ Malayala Manorama