അനുദിനവിശുദ്ധര്‍ : ജൂലൈ 11
വി. ബെനഡിക്ട് (480-547)

അയ്യായിരത്തിലേറെ വിശുദ്ധരെ സമ്മാനിച്ച ബെനഡിക്ടന്‍ സഭയുടെ സ്ഥാപകനാണ് വി. ബെനഡിക്ട്. 'പ്രാര്‍ഥിക്കുക, ജോലി ചെയ്യുക' എന്ന സിദ്ധാന്തം അദ്ദേഹം ലോകം മുഴുവനുമുള്ള സന്യാസികള്‍ക്കായി നല്‍കി. ബെനഡിക്ടന്‍ സഭയില്‍ നിന്ന് 24 മാര്‍പാപ്പമാരും 4500ലേറെ മെത്രാന്‍മാരും ഉണ്ടായിട്ടുണ്ട് എന്നു മനസിലാക്കുമ്പോള്‍ ഈ സന്യാസിസമൂഹത്തിന്റെ വ്യാപ്തി ബോധ്യമാകും. ഇറ്റലിയിലെ ഉംബ്രിയയില്‍ എ.ഡി. 480 ല്‍ ജനിച്ച ബെനഡിക്ടിന്റെ ഇരട്ടസഹോദരനും ഒരു വിശുദ്ധനായിരുന്നു. സ്‌കോളാസ്റ്റിക എന്നായിരുന്നു ആ വിശുദ്ധന്റെ പേര്. റോമിലായിരുന്നു ബെനഡിക്ടിന്റെ വിദ്യാഭ്യാസജീവിതം. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങള്‍ ബെനഡിക്ടിന് ഇഷ്ടമായില്ല. അച്ചടക്കമില്ലായ്മയും സുഖങ്ങള്‍ക്കുവേണ്ടിയുള്ള വിദ്യാര്‍ഥികളുടെ അലച്ചിലും ബെനഡിക്ടിന്റെ മനസ് മടുപ്പിച്ചു. ആരോടും മിണ്ടാതെ ബെനഡിക്ട് അവിടം വിട്ടു. സുബിയാക്കോ പര്‍വതനിരകളിലുള്ള ഒരു ഗുഹയില്‍ പോയി പ്രാര്‍ഥനയും ഉപവാസവുമായി അദ്ദേഹം ജീവിതം തുടങ്ങി. റൊമാനൂസ് എന്നു പേരായ ഒരു സന്യാസി മാത്രമേ ബെനഡിക്ട് എവിടെയുണ്ടെന്ന് അറിഞ്ഞിരുന്നുള്ളു. അദ്ദേഹം ബെനഡിക്ടിനു യഥാസമയം ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ചുകൊടുത്തു.. എന്നാല്‍, വളരെ പെട്ടെന്ന് ബെനഡിക്ടിന്റെ വിശുദ്ധ ജീവിതത്തെക്കുറിച്ച് നാട്ടുകാര്‍ അറിഞ്ഞുതുടങ്ങി. നിരവധി പേര്‍ മരുഭൂമിയിലെത്തി അദ്ദേഹത്തെ കണ്ടു. ചിലര്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായി മാറി, അവിടെത്തന്നെ താമസം ആരംഭിച്ചു. തന്റെ ശിഷ്യന്‍മാര്‍ക്കുവേണ്ടി ബെനഡിക്ട് ഒരു സന്യാസജീവിതരീതി ഉണ്ടാക്കി. ദാരിദ്ര്യം അനുഭവിക്കുക, യേശുവിനു വേണ്ടി ജീവിക്കുക, അനുസരണം ശീലമാക്കുക എന്നീ മൂന്നു കാര്യങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തത്. ബെനഡിക്ടിന്റെ കര്‍ശനമായ രീതികളില്‍ ചില ശിഷ്യന്‍മാര്‍ അസ്വസ്ഥരായി. അദ്ദേഹത്തെ കൊല്ലുവാന്‍ അവര്‍ തീരുമാനിച്ചു. വിഷം ചേര്‍ത്ത ഭക്ഷണം അവര്‍ അദ്ദേഹത്തിനു കൊടുത്തു. കഴിക്കുന്നതിനു മുന്നോടിയായി ബെനഡിക്ട് ഭക്ഷണത്തെ ആശീര്‍വദിച്ചു. അപ്പോള്‍ത്തന്നെ പാത്രം തകരുകയും ഭക്ഷണം താഴെവീണു നശിക്കുകയും ചെയ്തു. ഗുഹയിലെ ജീവിതം മൂന്നാം വര്‍ഷം അദ്ദേഹം അവസാ നിപ്പിച്ചു. നിരവധി സന്യാസസമൂഹങ്ങള്‍ക്ക് പിന്നീട് അദ്ദേഹം തുടക്കമിട്ടു. സന്യാസികള്‍ അനുഷ്ഠിക്കേണ്ട ജീവിതമാതൃക അദ്ദേഹം എഴുതി ഉണ്ടാക്കി. ബെനഡിക്ടിന്റെ കാലത്തോടെ യാണ് സന്യാസസമൂഹങ്ങള്‍ എന്ന സങ്കല്‍പ്പം തന്നെ ഉണ്ടാകുന്നത്. സന്യാസികള്‍ ഒന്നിച്ചിരി ക്കണമെന്നും ഒരു കൂട്ടായ്മയായി സമൂഹത്തെ സേവിക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്യാസികള്‍ പ്രാര്‍ഥനയും ഉപവാസവും മാത്രമായി ജീവിക്കേണ്ടവരാണ് എന്ന പരമ്പരാഗത വിശ്വാസം അദ്ദേഹം പൊളിച്ചെഴുതി. പ്രാര്‍ഥനയ്‌ക്കൊപ്പം പഠനവും കൈത്തൊഴിലും കൃഷിപ്പ ണികളും ചെയ്യുന്നവരായിരുന്നു ബെനഡ്കിടിന്റെ ശിഷ്യസമൂഹം. ബെനഡിക്ടിന് അദ്ഭുത കരമായ വരങ്ങള്‍ ദൈവം കൊടുത്തിരുന്നു. അദ്ദേഹം കാര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചു, രോഗികളെയും പിശാചുബാധിതരെയും സുഖപ്പെടുത്തി. ഒരിക്കല്‍ മരിച്ചു പോയ ഒരു യുവാവിനെ അദ്ദേഹം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. മരിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തന്റെ ശവകുടീരം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു. മരണദിവസം ശിഷ്യന്‍മാര്‍ക്കൊപ്പം അദ്ദേഹം ദേവാലയത്തിലെത്തി വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. കുറച്ചുസമയത്തിനുള്ളില്‍ ബെനഡിക്ട് മരിച്ചു.
Curtsy : Manuel George @ Malayala Manorama