അനുദിനവിശുദ്ധര്‍ : ജനുവരി 30
വി. മാര്‍ട്ടിന (മൂന്നാം നൂറ്റാണ്ട്)

റോമാ നഗരത്തിന്റെ മധ്യസ്ഥയായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശുദ്ധയാണ് മാര്‍ട്ടിന. എ.ഡി. 228ല്‍ രക്തസാക്ഷിത്വം വരിച്ചതായി കണക്കാക്കപ്പെടുന്ന മാര്‍ട്ടിനയെ 1969 ല്‍ വിശുദ്ധരുടെ റോമന്‍ കലണ്ടറില്‍ നിന്നു സഭ നീക്കം ചെയ്തു. എന്നാല്‍, മാര്‍ട്ടിന ജീവിച്ചിരുന്നില്ലെന്നോ അവര്‍ വിശുദ്ധപദവിക്ക് അര്‍ഹയല്ലെന്നോ അതിനര്‍ഥമില്ല. മാത്രമല്ല, ഈ വിശുദ്ധരോടു മാധ്യസ്ഥത യാചിച്ചു പ്രാര്‍ഥിക്കുന്നതിനും തടസമില്ല. റോമന്‍ കൗണ്‍സലറായിരുന്ന സമ്പന്നനായ പിതാവിന്റെ മകളായിരുന്നു മാര്‍ട്ടിന. എന്നാല്‍, അവളുടെ ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. അനാഥയായ മാര്‍ട്ടിന തന്റെ വേദനകള്‍ക്കു പരിഹാരം കണ്ടെത്തിയതു പ്രാര്‍ഥനയിലൂടെയായിരുന്നു. സര്‍വവും ഉപേക്ഷിച്ചു തന്നെ അനുഗമിക്കാന്‍ യേശു ആവശ്യപ്പെടു ന്നതായി മാര്‍ട്ടിനയ്ക്കു തോന്നി. പിതാവിന്റെ സമ്പത്ത് മുഴുവന്‍ അവള്‍ ദരിദ്രര്‍ക്കു ദാനമായി നല്‍കിയ ശേഷം പൂര്‍ണമായി യേശുവിനു സമര്‍പ്പിച്ചു ജീവിച്ചു. അലക്‌സാണ്ടര്‍ സെവേറസിന്റെ കാലത്ത്, ക്രൈസ്തവ വിശ്വാസിയായതിന്റെ പേരില്‍ മാര്‍ട്ടിന തടവിലാക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി. റോമന്‍ ദൈവങ്ങളെ വണങ്ങണമെന്ന് അവളോടു ആവശ്യപ്പെട്ടു. എന്നാല്‍, യേശുവിനെയല്ലാതെ മറ്റാരെയും വണങ്ങാനാവില്ലെന്നു പറഞ്ഞ് മാര്‍ട്ടിന പീഡനങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ഒടുവില്‍ യേശുവിനെപ്രതി രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. മാര്‍ട്ടിനയുടെ ജീവിത കഥ വിവരിക്കുന്ന നിരവധി പുസ്തകങ്ങളും ജീവചരിത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. നിരവധി അദ്ഭുത പ്രവര്‍ത്തനങ്ങള്‍ ഈ പുസ്തകങ്ങളില്‍ വിവരിക്കപ്പെടുന്നു. എന്നാല്‍, ചരിത്രപരമായ തെളിവുകളുടെ അഭാവം എല്ലാറ്റി ലുമുണ്ട്. പീഡനങ്ങള്‍ക്കിടെ മാര്‍ട്ടിനയുടെ ദേഹത്തു നിന്ന് രക്തമല്ല, പാലാണ് ഒഴുകിയതെന്നു ഒരു കഥയില്‍ പറയുന്നു. മാര്‍ട്ടിനയുടെ കഥയുമായി സാമ്യമുള്ള മറ്റു പല റോമന്‍ വിശുദ്ധകളു മുണ്ട്. ഇത്തരം ചരിത്രപരമായ തെളിവുകളുടെ അഭാവമാണ് മാര്‍ട്ടിനയെ റോമന്‍ കലണ്ടറില്‍ നിന്നു നീക്കാനുള്ള കാരണം. എങ്കിലും ഇപ്പോഴും മാര്‍ട്ടിനയുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നവരും ഏറെയുണ്ട്.
Curtsy : Manuel George @ Malayala Manorama