അനുദിനവിശുദ്ധര്‍ : ജനുവരി 3
വി. ജെനിവീവ് (422-500)

പാരീസിനടുത്തുള്ള നന്തേര്‍ എന്ന ഗ്രാമത്തിലെ ഒരു ദരിദ്രകര്‍ഷക കുടുംബത്തിലാണ് വി. ജെനിവീവ് ജനിച്ചത്. ഓക്‌സറിലെ വി. ജെര്‍മാനസ് അവളുടെ നാട് സന്ദര്‍ശിച്ചപ്പോള്‍ ഏഴുവയസായിരുന്നു ജെനിവീവിന്റെ പ്രായം. യേശുവിന്റെ സ്‌നേഹം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അവള്‍ തിരിച്ചറിഞ്ഞു. തന്റെ ജീവിതം യേശുവിനു വേണ്ടി സമര്‍പ്പിക്കണമെന്ന് അവള്‍ ജെര്‍മാനസിനോട് അഭ്യര്‍ഥിച്ചു. അദ്ദേഹം അവള്‍ക്കു ശിരോവസ്ത്രം നല്‍കി. അന്നു മുതല്‍ പ്രാര്‍ഥന യില്‍ നിറഞ്ഞും സത്പ്രവര്‍ത്തികളാല്‍ പുണ്യം നേടിയുമായിരുന്നു അവളുടെ ജീവിതം. മാതാ പിതാക്കളുടെ മരണത്തോടെ അവള്‍ പാരീസിലേക്ക് താമസം മാറ്റി. ഫ്രാങ്കുകള്‍ പാരീസിനെ ആക്രമിച്ചപ്പോള്‍ യുദ്ധത്തില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കു താങ്ങേകു വാന്‍ ജെനിവീവ് ഉണ്ടായിരുന്നു. ദരിദ്രര്‍ക്കു ഭക്ഷണമെത്തിക്കുവാന്‍ അവള്‍ ഓടിനടന്നു. നഗര ത്തെ ആക്രമണങ്ങളില്‍ നിന്നു രക്ഷിക്കണമെന്ന് അവള്‍ പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ വിപത്തുകള്‍ മെല്ലെ നീങ്ങി. മരണശേഷം നിരവധി അദ്ഭുതപ്രവൃത്തികള്‍ ജെനിവീവിന്റെ മാധ്യസ്ഥതയില്‍ ജനങ്ങള്‍ക്കു കിട്ടി. ഇപ്പോഴും നിരവധി അദ്ഭുതങ്ങള്‍ സംഭവിക്കുന്നു. പാരീസി ലെ വി. പത്രോസിന്റെയും പൗലോസിന്റെയും നാമത്തിലുള്ള ദേവാലയത്തിലാണ് ജെനിവീവിന്റെ മൃതദേഹം അടക്കം ചെയ്തത്. അവളുടെ ശവകുടീരത്തില്‍ നിന്ന് നിരവധി വിശ്വാസികള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു പകര്‍ച്ചവ്യാധി ആ നഗരത്തില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ജെനിവീവിനോട് ജനങ്ങള്‍ പ്രാര്‍ഥിക്കുകയും രോഗം വിട്ടൊഴിയുകയു ചെയ്തു.
Curtsy : Manuel George @ Malayala Manorama