അനുദിനവിശുദ്ധര്‍ : ജനുവരി 15
സന്യാസിയായ വി. പൗലോസ് (മൂന്നാം നൂറ്റാണ്ട്)

ആദ്യത്തെ ക്രൈസ്തവ സന്യാസിയായി അറിയപ്പെടുന്ന വി. പൗലോസിന്റെ ഓര്‍മദിനമാണിന്ന്. 113 വയസു വരെ അദ്ദേഹം ജീവിച്ചുവെന്നും അതില്‍ തൊണ്ണൂറു വര്‍ഷത്തോളവും ഈജിപ്തിലെ മരുഭൂമികളിലായിരുന്നുവെന്നും കരുതപ്പെടുന്നു. പൗലോസ് സന്യാസിയുടെ ജീവചരിത്രം വിശുദ്ധ ജെറോം (സെപ്റ്റംബര്‍ 30ലെ വിശുദ്ധന്‍) രചിച്ചു. ഈജിപ്തിലെ ഒരു ഉന്നതകുടുംബത്തിലാണ് പൗലോസ് ജനിച്ചത്. മികച്ച വിദ്യാഭ്യാസം അദ്ദേഹത്തിനു ലഭിച്ചു. ഗ്രീക്ക്, ഈജിപ്ഷ്യന്‍ ഭാഷകളില്‍ അഗാധമായ അറിവ് അദ്ദേഹം സമ്പാദിച്ചു. പൗലോസിനു പതിനഞ്ചു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. സഹോദരനായ പീറ്റര്‍ സ്വത്തു കൈക്കലാക്കാന്‍ ശ്രമിച്ചിരുന്നു. അത് പൗലോസിനെ വേദനിപ്പിച്ചു. ഈ സമയത്ത്, ഡെസിയസ് ചക്രവര്‍ത്തി ശക്തമായ ക്രൈസ്തവ പീഡനങ്ങള്‍ ആരംഭിച്ചിരുന്നു. സ്വത്തുക്കള്‍ അത്യാര്‍ത്തിക്കാരായ ബന്ധുക്കള്‍ക്കു വിതരണം ചെയ്തശേഷം പൗലോസ് നാടുവിട്ടു. ഈജിപ്തിലെ മരുഭൂമിയിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. പഴങ്ങളും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. ഇലകളായിരുന്നു വസ്ത്രം. മുഴുവന്‍ സമയവും അദ്ദേഹം പ്രാര്‍ഥന യ്ക്കായി നീക്കിവച്ചു. ഒന്നും രണ്ടു ദിവസമല്ല, ഏതാണ്ട് എണ്‍പതു വര്‍ഷം. ഒരിക്കല്‍ വിശുദ്ധനായ ആന്റണി (ജനുവരി 17ലെ വിശുദ്ധന്‍) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അതോടെയാണ് പൗലോസിന്റെ ജീവിതത്തെക്കുറിച്ചു പുറംലോകം അറിയുന്നത്. രണ്ടു വിശുദ്ധരും ഒന്നിച്ച് കുറച്ചുദിവസങ്ങള്‍ ഒന്നിച്ച് പ്രാര്‍ഥനയില്‍ ചെലവിട്ടു. ഇത്രയും വര്‍ഷം ഏകനായി ഏങ്ങനെ മരുഭൂമിയില്‍ കഴിഞ്ഞുവെന്നു ആന്റണി ചോദിച്ചു. പൗലോസ് ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു: ''ഞാന്‍ ഏകനായിരുന്നില്ല. ദൈവമായ കര്‍ത്താവും അവിടുത്തെ പുത്രനായ യേശുക്രിസ്തുവും മാലാഖമാരും സകല രക്തസാക്ഷികളും എനിക്കൊപ്പമുണ്ടായിരുന്നു.'' എല്ലാ ദിവസവും ഒരു മലങ്കാക്ക അപ്പവുമായി പറന്നെത്തുമായിരുന്നുവെന്നും ഏതാണ്ട് അറുപതു വര്‍ഷത്തോളം ആ അപ്പമാണ് താന്‍ ഭക്ഷിച്ചതെന്നും പൗലോസ് പറഞ്ഞു. ഇരുവിശുദ്ധരും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മലങ്കാക്ക പറന്നുവന്നു. എന്നും ഒരു അപ്പക്കഷണത്തിന്റെ പകുതിയായിരുന്നു മലങ്കാക്ക കൊണ്ടുവന്നിരുന്നത്. എന്നാല്‍ അന്ന് ഒരു അപ്പം പൂര്‍ണമായി കൊണ്ടുവന്നു. രണ്ടും വിശുദ്ധരും ആ അപ്പം ഭക്ഷിച്ചു. ഒന്നിച്ച് ദൈവത്തെ പാടിപ്പുകഴ്ത്തിയ ശേഷം ആന്റണി മടക്കായാത്രയ്‌ക്കൊരുങ്ങി. തിരിച്ചുപോകുന്ന വഴിക്ക് അദ്ദേഹത്തിനൊരു ദര്‍ശനമുണ്ടായി. രണ്ടു മാലാഖമാര്‍ പൗലോസിന്റെ ആത്മാവിനെയും വഹിച്ചുകൊണ്ടു സ്വര്‍ഗത്തിലേക്ക് പോകുന്നതായി അദ്ദേഹം കണ്ടു. ഉടന്‍ തന്നെ അദ്ദേഹം തിരിച്ചു മരുഭൂമിയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോള്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കുന്ന പൗലോസിനെ കണ്ടു. അടുത്തുചെന്നപ്പോള്‍ അദ്ദേഹം മരിച്ചിരിക്കുകയാണ് എന്നു തിരിച്ചറിഞ്ഞു. രണ്ടു സിംഹങ്ങള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തിനു കാവല്‍നിന്നിരുന്നു. സിംഹങ്ങള്‍ ചേര്‍ന്ന് ഒരു കുഴി കുഴിച്ചുവെന്നും അതില്‍ പൗലോസിനെ അടക്കിയെന്നുമാണ് ഐതിഹ്യം.
Curtsy : Manuel George @ Malayala Manorama