അനുദിനവിശുദ്ധര്‍ : ജനുവരി 12
വി. മാര്‍ഗരറ്റ് ബോര്‍ഗസ് (1620-1700)

ഫ്രാന്‍സില്‍ പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധയാണ് മാര്‍ഗരറ്റ് ബോര്‍ഗസ്. പന്ത്രണ്ട് മക്കളുള്ള ഭക്തരായ ദമ്പതികളുടെ ആറാമ ത്തെ മകളായിരുന്നു മാര്‍ഗരറ്റ്. മാര്‍ഗരറ്റിനു 19 വയസുള്ളപ്പോള്‍ അമ്മ മരിച്ചു. അന്നു മുതല്‍ തന്റെ ഇളയ സഹോദരങ്ങള്‍ക്കുവേണ്ടി യാണ് അവള്‍ ജീവിച്ചത്. മാര്‍ഗരറ്റിന്റെ ഇരുപത്തിയേഴാം വയസില്‍ അവള്‍ക്കു തന്റെ പിതാവിനെയും നഷ്ടമായി. തന്റെ സഹോദര ങ്ങളെല്ലാം സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ മാത്രമാണ് തന്റെ ജീവിതത്തെപ്പറ്റി അവള്‍ ചിന്തിച്ചത്. ഇനി താന്‍ എന്തുചെയ്യണം എന്ന് അവള്‍ യേശുവിനോട് തന്നെ ചോദിച്ചു. അവളുടെ പ്രാര്‍ഥനകള്‍ ദൈവം കേട്ടു. കാനഡയിലെ ഗവര്‍ണര്‍ ആ സമയത്ത് ഫ്രാന്‍സില്‍ അധ്യാപകരെ തിരയുകയായിരുന്നു. കാനഡയിലെ തന്റെ സ്‌കൂളില്‍ മതാധ്യാപിക യാകാന്‍ അദ്ദേഹം മാര്‍ഗരറ്റിനെ ക്ഷണിച്ചു. മാര്‍ഗരറ്റ് ക്ഷണം സ്വീകരിക്കുകയും ശിഷ്ടകാലം കാനഡയില്‍ ചെലവഴിക്കുകയും ചെയ്തു. തന്റെ കുടുംബസ്വത്ത് അവള്‍ സഹോദരങ്ങള്‍ക്കു വീതിച്ചു കൊടുത്തു. കാനഡയിലെത്തിയ ശേഷം പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു ദേവാലയം സ്ഥാപിക്കുന്നതിനാണ് അവള്‍ ആദ്യം ശ്രമമാരംഭിച്ചത്. പിന്നീട് ഒരു സ്‌കൂളും സ്ഥാപിച്ചു. ഫ്രാന്‍സിലേക്ക് പോയി പലപ്പോഴായി പത്തു സ്ത്രീകളെ കാനഡയില്‍ തന്റെ സ്‌കൂളില്‍ അധ്യാപികയാകാന്‍ കൊണ്ടുവന്നു. ഇവര്‍ പിന്നീട് മാര്‍ഗറ്റിന്റെ സന്യാസസമൂഹത്തിലെ അംഗങ്ങളായി മാറി. ദരിദ്രരെ സന്ദര്‍ശിക്കുകയും അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയുമായിരുന്നു മാര്‍ഗരറ്റിന്റെയും കൂട്ടരുടെയും പ്രധാന പണി. ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണമെത്തിച്ചു; വസ്ത്രില്ലാത്തവര്‍ക്കു വസ്ത്രവും. സ്‌നേഹിക്കപ്പെടുവാന്‍ ആരുമില്ലാത്തവര്‍ക്ക് സ്‌നേഹം വാരിക്കോരി കൊടുത്തു. രോഗബാധിതയായി ശരീരം തളരുന്നതു വരെ മാര്‍ഗരറ്റ് ദരിദ്രര്‍ക്കിടയില്‍ ജീവിച്ചു.
Curtsy : Manuel George @ Malayala Manorama