അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 28
വി. മൊഹോള്‍ഡ് ( അഞ്ചാം നൂറ്റാണ്ട്)

അയര്‍ലന്‍ഡിലെ ഏറ്റവും വലിയ വിശുദ്ധനും ആ രാജ്യത്തിന്റെ അപ്പസ്‌തോലനുമായി അറിയപ്പെടുന്ന വിശുദ്ധ പാട്രിക് (മാര്‍ച്ച് 17ലെ വിശുദ്ധന്‍) ക്രിസ്തുമതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഒരു കൊള്ളക്കാരനായിരുന്നു മൊഹോള്‍ഡ്. പാട്രിക് അയര്‍ലന്‍ഡിലെ ത്തുന്ന സമയത്ത് അവിടെ അടിമവേലയും മന്ത്രവാദവും വ്യാപക മായിരുന്നു. പുരാതനമതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു മുഴുവന്‍ ജനങ്ങളും. തന്റെ അദ്ഭുതപ്രവര്‍ത്തനങ്ങളിലൂടെയാണ് പാട്രിക് ഈ ജനത്തെ മുഴവന്‍ ക്രിസ്തുവിന്റെ അനുയായികളാക്കി മാറ്റിയത്. മൊഹോള്‍ഡ് ഒരു ഗോത്രരാജാവിന്റെ മകനായിരുന്നു. മന്ത്രവാദവും നരഹത്യയും ദൈവത്തിനുള്ള കാഴ്ചകളായി കണ്ടിരുന്ന മൊഹോള്‍ഡ് പാവപ്പെട്ടവരെ കൊള്ളയടിച്ചും പീഡിപ്പിച്ചുമാണ് ജീവിതം ആഘോഷിച്ചിരുന്നത്. ഒട്ടെറെ അദ്ഭുത പ്രവര്‍ത്തികള്‍ ചെയ്തിട്ടുള്ള വി. പാട്രിക് 39 പേരെ മരണശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതായി വിശ്വസിക്കപ്പെടുന്നു. പാട്രിക്ക് ചെയ്യുന്നതു വെറും മന്ത്രവാദമാണെന്നും അത് താന്‍ പൊളിച്ചു കൊടുക്കുമെന്നും മൊഹോള്‍ഡ് തന്റെ സുഹൃത്തുക്കളോടു പറഞ്ഞു. അവര്‍ ഒരു പദ്ധതി തയറാക്കി. ഒരാളെ മരിച്ചവനെ പോലെ കിടത്തി. ശവസംസ്‌കാരസമയത്ത് നടത്തുന്ന ആചാരങ്ങള്‍ ആരംഭിച്ചു. മൊഹോള്‍ഡും കൂട്ടരും പോയി വി. പാട്രിക്കിനെ വിളിച്ചുകൊണ്ടുവന്നു. 'ഞങ്ങളുടെ സുഹൃത്ത് മരിച്ചു പോയി. അങ്ങയുടെ അദ്ഭുതപ്രവൃത്തികൊണ്ട് ഇവനെ ഉയര്‍പ്പിക്കണം.' പാട്രിക് അവിടെയെത്തി മരിച്ചവനെ പോലെ കിടക്കുന്ന മന്ത്രവാദിയെ നോക്കി പറഞ്ഞു. ''ശരിയാണ്, ഇവന്‍ മരിച്ചു പോയി.'' പാട്രിക് തിരിച്ചു പോയി. മൊഹോള്‍ഡും കൂട്ടുകാരും അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. അവിടെ കൂടിയിരുന്നവരോട് അവര്‍ വിളിച്ചുപറഞ്ഞു: ''നോക്കുക, ഒരാള്‍ മരിച്ചവനാണോ ജീവിച്ചിരിക്കുന്നവനാണോ എന്നു പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത ഈ മനുഷ്യനെയാണോ നിങ്ങള്‍ അദ്ഭുതപ്രവര്‍ത്തകന്‍ എന്നുവിളിക്കുന്നത്.'' ആഘോഷങ്ങള്‍തുടങ്ങി. എന്നാല്‍, മരിച്ചവനെപ്പോലെ കിടത്തിയിരുന്നയാള്‍ അപ്പോഴും എഴുന്നേറ്റില്ല. മൊഹോള്‍ഡും സുഹൃത്തുക്കളും ചെന്ന് അവനെവിളിച്ചു: ''നമ്മള്‍ ജയിച്ചിരിക്കുന്നു. ആ തട്ടിപ്പുകാരനെ നമ്മള്‍ പരിഹാസ്യനാക്കി.'' എന്നാല്‍ അവര്‍ തങ്ങളുടെ കൂട്ടുകാരനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവന്‍ എഴുന്നേറ്റില്ല. അയാള്‍ യഥാര്‍ഥത്തില്‍ മരിച്ചു പോയിരുന്നു. അതോടെ ചിരി നിന്നു. ആഘോഷങ്ങള്‍ അവസാനിച്ചു. മൊഹോള്‍ഡ് തന്റെ തെറ്റ് തിരിച്ചറിഞ്ഞു. ഭയചകിതരായി അവര്‍ പാട്രിക്കിന്റെ അടുത്തെത്തി മാപ്പുപറഞ്ഞു. അഞ്ചു ദിവസം കഴിഞ്ഞ് ആ മൃതദേഹത്തിനരികിലെത്തി പാട്രിക് അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു. പാട്രിക് മൊഹോള്‍ഡിനോടു പറഞ്ഞു: ''നീയാണിവരുടെ നേതാവ്. നിന്റെ നേതൃത്വപാടവം നീ അവരുടെ നന്മയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്‍ എത്രനന്നായിരുന്നു.'' മൊഹോള്‍ഡ് പറഞ്ഞു: ''ഇനി അങ്ങ് പറയുന്നതുപോലെ ഞാന്‍ ജീവിക്കാം.'' പാട്രിക്ക് മൊഹോള്‍ഡിനെ അയര്‍ലന്‍ഡിലെ ഒരു ദ്വീപിലേക്ക് അയച്ചു. അവിടെയുണ്ടായിരുന്ന രണ്ടു ബിഷപ്പുമാര്‍ക്കൊപ്പം അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം ചെയ്തു. കാലക്രമേണ ബിഷപ്പ് പദവി വരെ മൊഹോള്‍ഡിനു നല്കപ്പെട്ടു. എത്രവലിയ പാപിയാണെങ്കിലും ദൈവത്തിലേക്ക് തിരികെ വരാനാകുമെന്ന് മൊഹോള്‍ഡിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Curtsy : Manuel George @ Malayala Manorama