അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 23
വി. അനറ്റോലിയയും വിക്‌ടോറിയയും (മൂന്നാം നൂറ്റാണ്ട്)

രക്തസാക്ഷികളായ ഈ സഹോദരിമാര്‍ ഇറ്റാലിയന്‍ നാടോടിക്കഥ കളിലെ അറിയപ്പെടുന്ന കഥാപാത്രങ്ങളാണ്. വിശുദ്ധരുടെ പട്ടിക യില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ചരിത്രകാരന്മാരും ചില ആധു നിക സഭാപണ്ഡിതരും അഭിപ്രായപ്പെടുന്നത് ഇരുവരും കഥകളിലെ കഥാപാത്രങ്ങള്‍ മാത്രമാണെന്നും യഥാര്‍ഥ മനുഷ്യരല്ലെന്നുമാണ്. ആദിമസഭയുടെ കാലം മുതല്‍ തന്നെ ഇവരെകുറിച്ച് എഴുതപ്പെട്ടി ട്ടുണ്ട് എന്നതു മാത്രമല്ല, ഈ വിശുദ്ധരെ ഇവിടെ അവതരിപ്പിക്കാന്‍ കാരണം. വിശ്വാസികള്‍ക്കിട യില്‍ അദ്ഭുതപ്രവര്‍ത്തനങ്ങള്‍കൊണ്ട് ഇവര്‍ ഏറെ പ്രിയങ്കരരുമായിരുന്നു. ക്രൈസ്തവ വിശ്വാസികളായിരുന്നു ഇരു സഹോദരിമാരും. അനറ്റോലിയ അതീവസുന്ദരിയായിരു ന്നു. അവളുടെ സൗന്ദര്യം രാജാക്കന്മാരെ പോലും ഭ്രമിപ്പിച്ചു. പക്ഷേ, ലൗകിക ജീവിതത്തിലല്ല, ആത്മീയജീവിതത്തിലായിരുന്നു അവളുടെ താത്പര്യം. ഇരു സഹോദരിമാരെയും രണ്ട് വിജാതീയ റോമന്‍ യുവാക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. യേശുവിന്റെ മണവാട്ടിയായി നിത്യകന്യകയായി തുടരാനായിരുന്നു അനറ്റോലിയയുടെ താത്പര്യം. അവള്‍ വിവാഹത്തെ എതിര്‍ത്തു. വിക്‌ടോറിയ ആകട്ടെ, വിവാഹം കഴിച്ചാലും യേശുവില്‍ ജീവിക്കാമെന്ന് വിശ്വസിച്ചു. അബ്രാഹവും ഇസഹാക്കും യാക്കോബും അടങ്ങുന്ന ആദിമപിതാക്കന്മാര്‍ വിവാഹം കഴിച്ചിരുന്നുവെന്ന കാര്യം വിക്‌ടോറിയ ചൂണ്ടികാട്ടി. അനറ്റോലിയ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നു തന്നെ സഹോദരിക്കു മറുപടി നല്‍കി. ഒടുവില്‍ അനറ്റോലിയയുടെ വാദങ്ങളോടു വിക്‌ടോറിയ യോജിച്ചു. തന്റെ ആഭരണങ്ങളെല്ലാം അവള്‍ വിറ്റു. ആ പണം ദരിദ്രര്‍ക്കു നല്‍കി. അനറ്റോലിയയെ പോലെ വിക്‌ടോറിയയും വിവാഹത്തെ എതിര്‍ത്തു. യൂജിനിയസ് എന്നായിരുന്നു വിക്‌ടോറിയയുമായി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിന്റെ പേര്. അനറ്റോലിയയുടെ പ്രതിശ്രുതവരന്റെ പേര് ടൈറ്റസ് ഔറേലിയസ് എന്നും. രണ്ടു സഹോദ രിമാരും തങ്ങളുമായുള്ള വിവാഹത്തിനു തയാറല്ലെന്നു പ്രഖ്യാപിച്ചതോടെ ഈ യുവാക്കള്‍ അധികാരികളോടു പരാതിപ്പെട്ടു. ക്രൈസ്തവ വിശ്വാസികളെ നിഷ്‌കരുണം കൊലപ്പെടുത്തി ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഇരുസഹോദരിമാരും തടവിലാക്കപ്പെട്ടു. ന്യായാധിപന്‍ സഹോദരിമാരെ പ്രതിശ്രുതവരന്മാര്‍ക്കൊപ്പം വിട്ടു. അവരുടെ മേല്‍നോട്ടത്തില്‍ വീട്ടുതടങ്കലിലാ ക്കി. യേശുവിനെ തള്ളിപ്പറയാന്‍ സഹോദരിമാര്‍ തയാറാവുമെന്നായിരുന്നു യുവാക്കളുടെ പ്രതീക്ഷ. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. ഇവര്‍ക്കു കാവലിനായി നിര്‍ത്തിയിരുന്ന പടയാളിക ളും ജോലികള്‍ക്കായി നിര്‍ത്തിയിരുന്ന പരിചാരകരും അനറ്റോലിയയുടെ സ്വാധീനത്താല്‍ ക്രൈസ്തവവിശ്വാസികളായി മാറി. നാളുകള്‍ ഏറെകഴിഞ്ഞിട്ടും ഇരുവരും യേശുവിനെ തള്ളിപ്പറയാന്‍ തയാറാകാതെ വന്നതോടെ മനസുമടുത്ത യൂജിനിയസും ടൈറ്റസും അവരെ അധികാരികള്‍ക്കു തിരിച്ചേല്പിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും രക്തസാക്ഷികളാകുകയും ചെയ്തു.
Curtsy : Manuel George @ Malayala Manorama