അനുദിനവിശുദ്ധര്‍ : ഡിസംബര്‍ 10
വി. യുലാലിയ (291-304)

പതിമൂന്നാം വയസില്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിയായ യുലാലിയുടെ കഥ ആരുടെയും കരളലിയിക്കും. യഥാര്‍ഥ ഭക്തി എത്ര സഹനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തുന്ന ജീവിതമായിരുന്നു മരണം സ്വയം ഏറ്റുവാങ്ങി യ ഈ പെണ്‍കുട്ടിയുടേത്. യുലാലിയയുടെ രക്തസാക്ഷിത്വകഥ നാലാം നൂറ്റാണ്ടില്‍ പ്രുദെന്‍സിയൂസ് കവിതയായി എഴുതിയിട്ടുണ്ട്. റോം കണ്ട ഏറ്റവും ക്രൈസ്തവവിരുദ്ധരായ ചക്രവര്‍ത്തിമാരുടെ കാലത്താണ് യുലാലിയ ജനിച്ചത്. ഡൈക്ലീഷന്റെയും മാാക്‌സിമിയന്റെയും ഭരണകാലത്ത്. സ്‌പെ യിനിലെ മെരീഡ എന്ന സ്ഥലത്തായിരുന്നു അവളുടെ വീട്. മാതാപിതാക്കള്‍ ക്രൈസ്തവരും ഭക്തരുമായിരുന്നു. ദൈവസ്‌നേഹത്തിന്റെ ചൈതന്യത്തില്‍ അവള്‍ വളര്‍ന്നുവന്നു. യുലാലിയക്ക് പതിനൊന്നു വയസുള്ളപ്പോഴാണ് മതപീഡനവിളംബരം മെരീഡയില്‍ പുറപ്പെടുവിക്കുന്നത്. ക്രൈസ്തവ മതത്തില്‍ ചേര്‍ന്നിട്ടുള്ളവരെല്ലാം ഉടന്‍ അതുപേ ക്ഷിക്കണമെന്നും അല്ലാത്തവര്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാകണമെന്നുമായിരുന്നു വിളംബരം. ഉത്തരവ് നടപ്പാക്കുന്നതിനു വേണ്ടി ഒരു ഗവര്‍ണര്‍ മെരീഡയിലേക്ക് വന്നു. വിളംബരം കേട്ടയുടന്‍ തന്നെ യുലാലിയയുടെ കുടുംബവും മറ്റനേകം ക്രൈസ്തവ കുടുംബങ്ങളും രഹസ്യകേന്ദ്രങ്ങളി ലേക്ക് താമസം മാറ്റി. നിരവധി ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നതിന്റെ കഥകള്‍ വന്നുകൊണ്ടി രുന്നു. ഏവരും ഭയത്തോടെ കഴിഞ്ഞു. എന്നാല്‍, പീഡനങ്ങളുടെ കഥകള്‍ യുലാലിയയ്ക്ക് ആവേശം പകര്‍ന്നുകൊടുത്തതേയുള്ളു. യേശുവിനു വേണ്ടി രക്തസാക്ഷിയാകണമെന്ന് അവള്‍ മോഹിച്ചു. കൗമാരത്തിലേക്ക് കടക്കുന്ന പ്രായത്തില്‍ മരണം ചോദിച്ചുവാങ്ങുവാന്‍ അവള്‍ തീരുമാനിച്ചു. കൂട്ടുകാരിയായ ജൂലിയായ്‌ക്കൊപ്പം ഒളിവുകേന്ദ്രത്തില്‍ നിന്ന് അവള്‍ പുറത്തുകടന്ന് നേരെ റോമന്‍ ഗവര്‍ണറുടെ കൊട്ടാരത്തിലെത്തി. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്ക ണമെന്ന് ഗവര്‍ണറുടെ മുഖത്ത് നോക്കി അവള്‍ പറഞ്ഞു. ഗവര്‍ണര്‍ സ്തബ്ധനായി. ''നീയേതാണു കുട്ടീ?'' എന്നാണ് അദ്ദേഹം ചോദിച്ചത്. ''സത്യമായ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിയാണു ഞാന്‍. യേശുവില്‍ വിശ്വസിക്കുന്നവരെ പീഡിപ്പിക്കുന്ന താങ്കളോട് എനിക്ക് അടക്കാനാവത്ത വെറുപ്പാണുള്ളത്''-യുലാലിയ പറഞ്ഞു. ഗവര്‍ണര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു: ''ആരോടാണു സംസാരിക്കുന്നതെന്ന് നിനക്ക് അറിയാമോ കുട്ടീ..?'' 'ഗവര്‍ണറോട്', അവള്‍ പറഞ്ഞു. ആദ്യമൊക്കെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അറിവില്ലായ്മയായി ഇതിനെ കണ്ട ഗവര്‍ണര്‍ പിന്നീട് ഉപദേശത്തിലേക്കും ഭീഷണിയിലേക്കും കടന്നു. യുലാലിയ എല്ലാം തള്ളിക്കളഞ്ഞു. ഒടുവില്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം വിചാരണയും പീഡനങ്ങളും ആരംഭിച്ചു. ആ പിഞ്ചുശരീരത്തില്‍ ഇരുമ്പുകൊണ്ടുള്ള ചമ്മട്ടി പ്രയോഗിച്ച് മര്‍ദനം തുടങ്ങി. രക്തം വാര്‍ന്നൊഴുകിയിട്ടും ഒട്ടും ഭാവവ്യത്യാസമില്ലാതെ ചിരിച്ചുകൊണ്ട് അവള്‍ നിന്നു. പൂര്‍ണ നഗ്നയാക്കി പന്തങ്ങള്‍ കൊണ്ട് അവളുടെ മാറിടത്തിലും വയറ്റിലും പൊള്ളലേല്‍പിച്ചു. ഇരുമ്പുകൊളുത്തുകൊണ്ട് മാംസം ചീന്തിയെടുത്തു. കൊടിയ വേദനകള്‍ അവള്‍ സഹിക്കുന്നതു കണ്ട് ഗവര്‍ണര്‍ കൂടുതല്‍ ക്ഷുഭിതനായി. യുലാലിയയുടെ മുടിക്ക് തീകൊടുത്തു. ഒടുവില്‍ അഗ്നിയില്‍ അവള്‍ വെന്തുരുകി. അവള്‍ മരിച്ചപ്പോള്‍ ഒരു പ്രാവ് മൃതദേഹത്തില്‍ നിന്ന് പറന്നുയര്‍ന്നതായി ഐതിഹ്യമുണ്ട്. മരണത്തിനു തൊട്ടുമുന്‍പ് യുലാലിയ പ്രാര്‍ഥിച്ചത് എന്തായിരുന്നുവെന്നു കൂടി കേള്‍ക്കുക: ''എന്റെ ദൈവമേ..എന്റെ ശരീരത്തിലുണ്ടാകുന്നു ഈ മുറിവുകള്‍ എന്നെ അങ്ങയുടെ മണവാട്ടിയാകാന്‍ യോഗ്യയാക്കട്ടെ. അങ്ങയുടെ കാരുണ്യം എന്റെ മേലുണ്ടാവണമേ..''
Curtsy : Manuel George @ Malayala Manorama