അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 7
വി. കജെറ്റാന്‍ (1480- 1547)

പാവങ്ങള്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിച്ചവനെന്ന വിശേഷണ ത്താന്‍ അനുഗ്രഹീതനാണ് കജെറ്റാന്‍ എന്ന ഇറ്റാലിയന്‍ വിശുദ്ധന്‍. വിന്‍സെന്‍സൈ എന്ന പ്രദേശത്തു ക്രൈസ്തവ വിശ്വാസികളായ മാതാപിതാക്കള്‍ക്കു ജനിച്ച കജെറ്റാന്‍ മാതാപിതാക്കളെ അനുസ രിച്ചും ബഹുമാനിച്ചും ജീവിച്ച ഒരു സാധാരണ യുവാവായിരുന്നു. വിദ്യാഭ്യാസം നല്ല നിലയില്‍ പൂര്‍ത്തിയാക്കി അഭിഭാഷകനായി ജോലി നോക്കവേ ദൈവവിളി ഉണ്ടാകുകയും പുരോഹിതനാകാന്‍ തീരുമാനിക്കുകയും ചെയ്തു. എളിമ, ശാന്തത, അനുസരണം എന്നീ സദ്ഗുണങ്ങളാല്‍ സമ്പന്നനായിരുന്നു കജെറ്റാന്‍. ഒരിക്കല്‍ പോലും ദൈവഹിതത്തിനു നിരക്കാത്ത ഒരു പ്രവൃത്തിയോ വാക്കോ അദ്ദേഹത്തില്‍ നിന്നു ഉണ്ടായിട്ടില്ല. കജെറ്റാന്റെ ജീവിതത്തെ ഈ രീതിയില്‍ വളര്‍ത്തിയെടുത്തത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു. കന്യാമറിയത്തിന്റെ സന്നിധിയില്‍ മകനെ സമര്‍പ്പിച്ച അമ്മയായിരുന്നു അവര്‍. റോമന്‍ കൂരിയയില്‍ പുരോഹിതനായി ആറു വര്‍ഷത്തോളം ജോലി നോക്കിയ ശേഷമാണ് കജെറ്റാന്‍ തന്റെ യഥാര്‍ഥ പ്രേഷിതപ്രവര്‍ത്തനങ്ങളിലേക്കു കടക്കുന്നത്. മാറാരോഗങ്ങളാല്‍ വലയുന്നവരും ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരാനിടയില്ലാത്തവരുമായ രോഗികളെ ശുശ്രൂഷിക്കുന്ന ഒരു ആശുപത്രിക്ക് വെനീസില്‍ തുടക്കമിട്ടുകൊണ്ടായിരുന്നു അത്. തീയറ്റിന്‍സ് എന്ന പേരില്‍ ഒരു പറ്റം പുരോഹിതരുമായി ചേര്‍ന്ന് ഒരു സന്യാസസഭയ്ക്കും കജെറ്റാന്‍ ഈ സമയത്തു തുടക്കമിട്ടു. വൈദിക ജീവിതത്തിനു പുതിയൊരു അര്‍ഥവും വ്യാപ്തിയും കൊടുക്കുന്നതിനു കജെറ്റാന്‍ തന്റെ പുതിയ സഭയിലൂടെ ശ്രമിച്ചു. പാവങ്ങളെ തേടി നഗരങ്ങളിലൂടെ അലഞ്ഞു. രോഗികളെ തേടിച്ചെന്ന് അവരെ സമാശ്വസിപ്പിക്കുന്നതിലായിരുന്നു കജെറ്റാന്‍ ശ്രദ്ധ വച്ചിരുന്നത്. പരിശുദ്ധ കന്യാമറിയത്തോടുള്ള തീവ്രമായ ഭക്തിയായിരുന്ന കജെറ്റാന്റെ മറ്റൊരു ശക്തി. മാതാവിനോടുള്ള പ്രാര്‍ഥനകള്‍ അദ്ദേഹത്തിനു കൂടുതല്‍ പ്രേഷിത ജോലികള്‍ ചെയ്യുവാനുള്ള കരുത്തു നേടിക്കൊടുത്തു. ഒരിക്കല്‍ ഒരു ക്രിസ്മസ് ദിനത്തിന്റെ തലേന്ന് പ്രാര്‍ഥനയില്‍ മുഴുകി യിരിക്കെ ഉണ്ണിയേശുവിനെയും കൈകളിലേന്തി കന്യാമറിയം കജെറ്റാനിനു പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. ഉണ്ണിയേശുവിനെ മാതാവ് കജെറ്റാന്റെ കൈകളില്‍ കൊടുത്തു. അങ്ങനെ, മറ്റാര്‍ക്കും കിട്ടാത്ത അമൂല്യമായ സമ്മാനം കജെറ്റാന്റെ ഭക്തി അദ്ദേഹത്തിനു നേടിക്കൊടുത്തു. പ്ലേഗ് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ രോഗികള്‍ക്കിടയിലൂടെ ആശ്വാസദൂതുമായി കജെറ്റാന്‍ ഓടിനടന്നു. അവരെ ശുശ്രൂഷിച്ചു; അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. പാവങ്ങളെ സഹായിക്കുന്ന തിനായി ഒരു ബാങ്കിനും കജെറ്റാന്‍ തുടക്കമിട്ടു. പിന്നീട് ബാങ്ക് ഓഫ് നേപ്പിള്‍സ് എന്ന പേരില്‍ അതു പ്രസിദ്ധമായി. പാവപ്പെട്ടവര്‍ക്ക് പലിശയില്ലാതെ പണം കടംകൊടുക്കുന്നതിനു വേണ്ടിയാ യിരുന്നു ബാങ്ക് സ്ഥാപിച്ചത്. 1547 ല്‍ നേപ്പിള്‍സില്‍ വച്ച് അദ്ദേഹം രോഗബാധിതനായി മരിച്ചു. 1671 ല്‍ പോപ് ക്ലെമന്റ് പത്താമനാണ് കജെറ്റാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Curtsy : Manuel George @ Malayala Manorama