അനുദിനവിശുദ്ധര്‍ : ആഗസ്റ്റ്‌ 29
വി. സാബിന (മൂന്നാം നൂറ്റാണ്ട്)

റോമാ സാമ്രാജ്യത്തിലെ ഉമ്പ്രിയയില്‍ ജനിച്ച സാബിന ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു. വലന്റൈന്‍ എന്ന സമ്പന്നന്റെ ഭാര്യയായിരുന്നു അവര്‍. റോമന്‍ ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന സാബിനയെ യേശുവിനെ കുറിച്ച് പഠിപ്പിക്കുന്നത് അവളുടെ ഭൃത്യയായ സെറാഫിയയായിരുന്നു. പിന്നീട് ഇരുവരും യേശുവിന്റെ നാമത്തില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. പ്രാര്‍ഥന യുടെയും ദൈവസ്‌നേഹത്തിന്റെ ശക്തി സാബിനയെ മനസിലാക്കി കൊടുത്തത് അവളുടെ ഭൃത്യയായിരുന്നു. ആദ്യമൊക്കെ സെറാഫിയയുടെ പ്രാര്‍ഥനയും രീതികളും സാബിനയ്ക്കു ഇഷ്ടമായിരുന്നിഫല്ല. പക്ഷേ, ക്രമേണ അവള്‍ തന്റെ വേലക്കാരിയുടെ വിശ്വാസത്തെ തിരിച്ചറിഞ്ഞു. ക്രൈസ്തവര്‍ രഹസ്യമായി നടത്തിയിരുന്ന കൂട്ടായ്മകളില്‍ സെറാഫിയ പങ്കെടുത്തിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയായിരുന്നു അന്ന് റോം ഭരിച്ചിരുന്നത്. ക്രൈസ്തവവിരോധിയായ ചക്രവര്‍ത്തി നിരവധി ക്രൈസ്തവരെ കൊന്നൊടുക്കിയ കാലം. ഒരിക്കല്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തു മടങ്ങിവരവേ സെറാഫിയയെ സൈനികര്‍ പിടികൂടി. വിചാരണയ്ക്കായി കൊണ്ടു പോയെങ്കിലും അവള്‍ തന്റെ വിശ്വാസം തള്ളിപ്പറഞ്ഞില്ല. ഉടന്‍ തന്നെ ശിക്ഷ വിധിക്കപ്പെട്ടു. സെറാഫിയ രക്തസാക്ഷിത്വം വരിച്ചുവെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ സാബിന ഭയപ്പെട്ടില്ല. അവളുടെ വിശ്വാസം കൂടുതല്‍ ശക്തമാവുകയാണ് ചെയ്തത്. തന്നെ സത്യത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ട സെറാഫിയയുടെ മൃതശരീരം അവള്‍ ഏറ്റുവാങ്ങി യഥാവിധം സംസ്‌കരിച്ചു. സാബിനയുടെ ഈ പ്രവൃത്തി ചക്രവര്‍ത്തിയെ ക്ഷുഭിതനാക്കി. അവളെ പടയാളികള്‍ പിടികൂടി വിചാരണയ്ക്കായി കൊണ്ടുപോയി. എല്‍പിഡീയസ് എന്ന പേരായ ജഡ്ജിയായിരുന്നു വിചാരണ നടത്തിയത്. 'കുടുംബപരമായും വിവാഹത്താലും ഉന്നത കുടുംബിനിയായ സാബിനയാണോ നീ' എന്നായിരുന്നു ജഡ്ജിയുടെ ആദ്യ ചോദ്യം. 'അതേ. അതു ഞാന്‍ തന്നെ'- അവള്‍ പറഞ്ഞു. 'നീ ക്രിസ്തുവിന്റെ വിശ്വാസിയാണോ?' 'അതേ. എന്റെ വേലക്കാരിയായും അതേസമയം തന്നെ മാര്‍ഗദീപവുമായിരുന്നു സെറാഫിയ. അവള്‍ വഴിയായാണ് ഞാന്‍ പാപത്തിന്റെ ലോകത്തില്‍ നിന്നു നന്മയുടെ ലോകത്തേക്ക് വന്നത്. എന്നെ നരകശിക്ഷയില്‍ നിന്ന് സ്വര്‍ഗഭാഗ്യത്തിലേക്ക് എടുത്തുയര്‍ത്തിയത് അവളാണ്.' 'നിന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണോ?' 'അതേ. ഞാന്‍ എന്റെ കര്‍ത്താവിന്റെ നാമത്തില്‍ ഉറച്ചുവിശ്വസിക്കുന്നു.' സാബിനയുടെ വിചാരണ ഇവിടെ അവസാനിച്ചു. സെറാഫിയയെ പോലെ തന്നെ അവളും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു. സാബിനയുടെ ഈ വിചാരണയും അവളുടെ ജീവിതവും കഥകളായി പ്രചരിച്ചാണ് ഇന്നത്തെ തലമുറയിലെത്തിയത്. അതുകൊണ്ടുതന്നെ, അവളെപ്പറ്റി കൂടുതലൊന്നും അറിഞ്ഞൂകൂടാ. റോമില്‍ സാബിനയുടെ നാമത്തില്‍ ഒരു വലിയ ദേവാലയമുണ്ട്. നാലാം നൂറ്റാണ്ടില്‍ സാബിന ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവള്‍ നിര്‍മിച്ച ദേവാലയമാണ് അത് എന്നും വിശ്വസിക്കപ്പെടുന്നു. ഏതായാലും, അനവധിയായ അദ്ഭുതങ്ങള്‍ വിശ്വാസികള്‍ക്ക് സാബിനയുടെ നാമത്തിലൂടെ ദൈവം നല്‍കി. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
Curtsy : Manuel George @ Malayala Manorama