അനുദിനവിശുദ്ധര്‍ : ഏപ്രില്‍ 3
വി. ഐറേന്‍ (നാലാം നൂറ്റാണ്ട്)

ഉത്തര ഇറ്റലിയിലെ ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനക്കാലത്ത് അതിക്രൂരമായ പീഡനങ്ങളേറ്റു വാങ്ങി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധയാണ് ഐറേന്‍. 'ഐറേന്‍' എന്ന വാക്കിന് 'സമാധാനം' എന്നാണ് അര്‍ഥം. വിശുദ്ധരായ അഗപ്പെ, ഷിയോനിയ എന്നിവരുടെ സഹോദരിയായിരുന്നു ഐറേന്‍. തെസലോനിക്കയില്‍ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഇവരെ മൂന്നു പേരെയും വിശുദ്ധ ഗ്രന്ഥം കൈവശം വച്ചു എന്ന കുറ്റത്തിനാണ് ഡിയോക്ലിഷ്യന്‍ ചക്രവര്‍ത്തി അറസ്റ്റ് ചെയ്തത്. എ.ഡി. 303ല്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നു കാട്ടി ചക്രവര്‍ത്തി ഉത്തരവിറക്കിയിരുന്നു. തന്റെ ദേവനില്‍ വിശ്വസിച്ച് ആരാധിക്കാന്‍ ചക്രവര്‍ത്തി ഇവരോട് ആവശ്യപ്പെട്ടു. മൂവരും അതു നിരസിച്ചു. വെറുമൊരു കല്ലിനെ കുമ്പിടാന്‍ തനിക്കാവില്ലെന്നു ഐറേന്‍ ധീരയായി ചക്രവര്‍ത്തിയോട് പറഞ്ഞു. സഹോദരിമാര്‍ മൂന്നു പേരുടെയും ശിക്ഷ നടപ്പാക്കാനായി ചക്രവര്‍ത്തി ഗവര്‍ണറായ ഡള്‍സീഷ്യസിനെ ചുമതലപ്പെടുത്തി. കാമഭ്രാന്തനായ ഗവര്‍ണര്‍, ഐറേനെ കീഴ്‌പ്പെടുത്താന്‍ മോഹിച്ചിരുന്നു. പ്രായത്തില്‍ മുതിര്‍ന്നവരായ അഗപ്പെയെയും ഷിയോനിയയെയും ചുട്ടുകൊന്ന ഡള്‍സീഷ്യസ് ഐറേനെ മാത്രം വീണ്ടും തടവില്‍ പാര്‍പ്പിച്ചു. കന്യകയും സുന്ദരിയുമായിരുന്ന ഐറേനെ ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ഡള്‍സീഷ്യസ് പല തവണ ശ്രമിച്ചു. പക്ഷേ, മരണം ഉറപ്പായിരുന്നിട്ടു പോലും പ്രലോഭനങ്ങള്‍ക്കു മുന്നില്‍ ഐറേന്‍ വഴങ്ങിയില്ല. ഐറേന്റെ മരണശിക്ഷ ഒഴിവാക്കുന്നതിനു വേണ്ടി തന്റെ ദേവനെ ആരാധിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ''ജീവിക്കുന്ന ദൈവമായ യേശുക്രിസ്തുവിനെ അല്ലാതെ ആരെയും ഞാന്‍ ആരാധിക്കുകയില്ല''- ഐറേന്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. കുപിതനായ ഗവര്‍ണര്‍ ഐറേനെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയയാക്കി. പിന്നീട് പൂര്‍ണ നഗ്നയാക്കി ഒരു വേശ്യാലയത്തിലേക്ക് അവളെ കൊണ്ടുപോകാന്‍ ഉത്തരവിട്ടു. എന്നാല്‍, ഐറേനുമായി വേശ്യാലയത്തിലേക്ക് പോയ ഭടന്‍മാര്‍ വഴിയില്‍ വച്ച് തളര്‍ന്നുവീണു. ഐറേന്‍ ഒരു മലമുകളിലേക്ക് ഓടി രക്ഷപ്പെട്ടു. പിറ്റേന്ന് ഗവര്‍ണര്‍ തന്റെ സൈനികരുമായി അവിടെയെത്തി ഐറേനെ അമ്പെയ്തു കൊന്നു. (ചില പുരാതന ഗ്രന്ഥങ്ങളില്‍ ഐറേനെയും ചുട്ടുകൊല്ലുകയായിരുന്നു എന്നു പറയുന്നു)
Curtsy : Manuel George @ Malayala Manorama